Sat. May 18th, 2024

സ്വാതന്ത്ര്യദിന ചടങ്ങ് ബഹിഷ്‌കരിച്ച്‌ കോണ്‍ഗ്രസ്, മോദി അടുത്ത വര്‍ഷം വീട്ടില്‍ പതാക ഉയര്‍ത്തും; ഖാര്‍ഗെ

By admin Aug 16, 2023
Keralanewz.com

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പതാക ഉയര്‍ത്തുന്നത് വീട്ടിലായിരിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ

2024ലും ചെങ്കോട്ടയില്‍ താൻ ദേശീയ പതാക ഉയര്‍ത്തുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തി. കണ്ണിന് സുഖമില്ലാത്തതു കൊണ്ടാണ് ചെങ്കോട്ടയില്‍ പോകാതിരുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രിക്കു വേണ്ടി കര്‍ശന സുരക്ഷയുള്ളതിനാല്‍ ചെങ്കോട്ടയിലെ ചടങ്ങ് കഴിഞ്ഞ് കൃത്യസമയത്ത് എ.ഐ.സി.സി ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുക്കാൻ കഴിയുമായിരുന്നില്ലെന്നും പറഞ്ഞു.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലും പ്രധാനമന്ത്രിക്കെതിരെ ഖാര്‍ഗെ ആഞ്ഞടിച്ചു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളില്‍ മാത്രമാണ് രാജ്യം യഥാര്‍ത്ഥ പുരോഗതി കൈവരിച്ചതെന്ന് ചിലര്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ പോയത് ഇവിടെ ഒന്നും അവശേഷിപ്പിക്കാതെയാണ്. സൂചി ഉണ്ടാക്കാനുള്ള വിഭവങ്ങള്‍ പോലുമില്ലായിരുന്നു.

എന്നാല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഐ.ഐ.ടിയും ഐ.ഐ.എമ്മും രൂപീകരിച്ചു, ഭക്രാനംഗല്‍ അണക്കെട്ട് നിര്‍മ്മിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം പരിഹരിക്കാൻ നടപടിയെടുത്തു. ബംഗ്ലാദേശിനെ സ്വാതന്ത്ര്യം നേടാൻ ഇന്ത്യ സഹായിച്ചത് കോണ്‍ഗ്രസ് കാലത്താണ്. ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും ഇപ്പോള്‍ ഭീഷണിയിലാണെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റില്‍ തന്റെ പ്രസംഗം തടസപ്പെടുത്തി അവര്‍ ജനാധിപത്യത്തെക്കുറിച്ച്‌ സംസാരിച്ചു. പ്രതിപക്ഷത്തെ നിശബ്‌ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post