Mon. May 6th, 2024

കുഴല്‍നാടന്റെ കുടുംബവീട്ടില്‍ ഇന്ന് റവന്യൂ വകുപ്പിന്റെ സര്‍വെ; ഭൂമി ഇടപാടില്‍ വിജിലന്‍സ്

By admin Aug 18, 2023
Keralanewz.com

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കുടുംബവീട്ടില്‍ റവന്യൂ വകുപ്പ് ഇന്ന് സര്‍വെ നടത്തും.

അനധികൃതമായി ഭൂമി മണ്ണിട്ടു നികത്തി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വെ. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്.

രാവിലെ 11 ന് ശേഷം പരിശോധനയ്ക്ക് എത്തുമെന്നാണ് കോതമംഗലം താലൂക്ക് സര്‍വെയര്‍ മാത്യു കുഴല്‍നാടന് നോട്ടീസ് മുഖാന്തിരം അറിയിച്ചിട്ടുള്ളത്. മാത്യു കുഴല്‍നാടന്റെ കുടുംബവീടിനോടു ചേര്‍ന്ന സ്ഥലത്ത് അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലത്തു മണ്ണിട്ടു നികത്തിയെന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു.

ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റവന്യു വിഭാഗത്തോട് സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭൂമി ഇടപാടില്‍ വിജിലന്‍സ് പരിശോധന തുടങ്ങി

അതിനിടെ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. അഴിമതി നിരോധന നിയമപ്രകാരം ലഭിച്ച പരാതിയിലാണ് പരിശോധന. ഇപ്പോള്‍ നടത്തുന്നത് അന്വേഷണമല്ലെന്നും പരാതിയിന്മേലുള്ള പ്രാഥമിക പരിശോധനയാണെന്നും വിജിലന്‍സ് വ്യക്തമാക്കി.

വിജിലന്‍സിനു പുറമേ, സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചും റവന്യു പരിശോധനാ വിഭാഗവും മൂന്നു മാസത്തിലധികമായി കുഴല്‍നാടന്റെ ഭൂമി ഇടപാട് പരിശോധിക്കുന്നുണ്ട്. പ്രഖ്യാപിത വരുമാനത്തിന്റെ 30 ഇരട്ടിയോളം മാത്യു കുഴല്‍നാടന്‍ സ്വത്തു സമ്പാദിച്ചു എന്നാണ് സിപിഎം ആരോപിക്കുന്നത്.

Facebook Comments Box

By admin

Related Post