Kerala News

രമേശ് ചെന്നിത്തലയും മുരളീധരനും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. പ്രഖ്യാപനം പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം .

Keralanewz.com

കോഴിക്കോട് : പൊതുപ്രവർത്തനങ്ങളിൽ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹം’; പറയാനുള്ളത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം പറയാമെന്ന് കെ മുരളീധരനും ചെന്നിത്തലയും.കോഴിക്കോട്: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സൂചന നല്‍കി കെ മുരളീധരൻ എം പി. പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു

പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. കെ കരുണാകരൻ സ്‌മാരക നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതിനുശേഷം അക്കാര്യത്തില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാൻ ആഗ്രഹിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ആറാം തീയതിക്ക് ശേഷം പറയാം’- കെ മുരളീധരൻ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കഴിഞ്ഞദിവസം അഴിച്ചുപണി നടന്നിരുന്നു. എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുൻ ഖാര്‍ഗെക്കെതിരെ മത്സരിച്ച ശശി തരൂര്‍ എം പി ഉള്‍പ്പടെ വേറിട്ട നിലപാടുള്ളവരെയും ഉള്‍പ്പെടുത്തിയാണ് ക്രമീകരണം. കടുത്ത വിമര്‍ശകരെ അടക്കം പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ ചേര്‍ത്തുനിറുത്തിയിട്ടുണ്ട്.

സ്ഥിരാംഗത്വം പ്രതീക്ഷിച്ച രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവായി. കൊടിക്കുന്നില്‍ സുരേഷ് എം പി പ്രത്യേക ക്ഷണിതാവായി. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എ കെ ആന്റണിയും വീണ്ടും സ്ഥിരാംഗങ്ങളായി. കേരളത്തില്‍ നിന്ന് അഞ്ചുപേരാണ് സമിതിയിലെത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചില്ലെന്ന് നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ട്. ഇക്കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പുന:സംഘടനയില്‍ തഴയപ്പെട്ടതിലുള്ള അതൃപ്തി രമേശ് ചെന്നിത്തല പറയാതെ പറയുകയും ചെയ്തു. ഇന്നലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ തഴയപ്പെട്ടതിലെ നീരസം പ്രകടമായിരുന്നു.

2004ലും ചെന്നിത്തല ക്ഷണിതാവായിരുന്നു. അതിന് ശേഷം കേരളത്തില്‍ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി. വീണ്ടും സ്ഥിരം ക്ഷണിതാവാക്കിയത് തരം താഴ്ത്തലാണെന്നാണ് അദ്ദേഹത്തിന്റെ തോന്നല്‍. ഇപ്പോള്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മാത്രമാണ് ശ്രദ്ധയെന്നും പറയാനുള്ളത് ആറാം തീയതിക്ക് ശേഷം പറയുമെന്നുമാണ് ഇന്നലെ ചെന്നിത്തല പ്രതികരിച്ചത്.

പ്രവര്‍ത്തക സമിതി പുന:സംഘടനയ്ക്ക് ശേഷം എ ഐ സി സി നേതൃത്വത്തില്‍ നിന്നാരും ചെന്നിത്തലയെ ബന്ധപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ അസംതൃപ്തിയില്ലെന്ന മറുപടിയാണ് നല്‍കിയത്. മഹാരാഷ്ട്രയടക്കം മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയില്‍ പോകാൻ ചെന്നിത്തലയ്ക്ക് താല്പര്യമില്ലെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2021ല്‍ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതും അപമാനിക്കലായി വിലയിരുത്തിയ ചെന്നിത്തല അതിന് ശേഷം നിരന്തരം തഴയപ്പെടുന്നുവെന്ന വികാരവും അടുപ്പമുള്ളവരോട് പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ നേതൃത്വത്തെ പരസ്യമായി ധിക്കരിച്ചുള്ള പ്രതികരണം വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതേസമയം, ചെന്നിത്തലയെ അവഗണിച്ചിട്ടില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. സമുദായ സമവാക്യമനുസരിച്ച്‌ നേതാക്കളെയെല്ലാവരെയും പരിഗണിക്കുന്നതിന് പരിമിതിയുണ്ടെന്നും ചെന്നിത്തലയെ ഉള്‍ക്കൊള്ളുന്നതിന്റെ തെളിവാണ് സ്ഥിരം ക്ഷണിതാവായുള്ള പ്രാതിനിദ്ധ്യമെന്നുമാണ് നിലപാട്

Facebook Comments Box