Kerala News

രമേശ്‌ ചെന്നിത്തലയെ തഴഞ്ഞു ശശി തരൂരിനെ പ്രവർത്തക സമിതി അംഗമാക്കിയതിൽ കോൺഗ്രസ് ഐ വിഭാഗത്തിൽ അമർഷം.അന്ന് കോട്ടയത്ത് തോറ്റതിന് പുതുപ്പള്ളിയിൽ പകരം വീട്ടുമോ?

Keralanewz.com

കോട്ടയം :പുതുപ്പള്ളിയുടെ മുക്കിലും മൂലയിലും ഇപ്പോൾ സംസാരം രമേശ്‌ ചെന്നിത്തലയുടെ നീക്കങ്ങൾ തന്നെ.കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ രമേശിന് അർഹമായ സ്ഥാനം ലഭിക്കാത്തത്തിൽ കോൺഗ്രസ്‌ ഐ ഗ്രൂപ്പിൽ അമർഷം പുകയുകയാണ് .ഇത് പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നറിയാൻ റിസൾട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടിവരും.
22വർഷം മുൻപ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഏറ്റ പരാജയത്തിന് പകരം വീട്ടാൻ ചെന്നിത്തലക്ക് കിട്ടിയ അവസരമാണിതെന്ന് ചിന്തിക്കുന്നവരാണ് പുതുപ്പള്ളിയിലെ ഐ വിഭാഗത്തിൽ ഏറെയും.കോട്ടയം പാർലമെന്റിൽ ആദ്യ തെരഞ്ഞെടുപ്പിൽ 65000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ചെന്നിത്തല അടുത്ത തെരഞ്ഞെടുപ്പിൽ 5000 വോട്ടിന് ആദ്യമായി പരാജയം രുചിച്ചിരുന്നു

എതിർ സ്ഥാനാർഥി സുരേഷ് കുറുപ്പ് ആണ് അന്ന് വിജയിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ചെന്നിത്തല പുറകിൽ പോയതിനാലാണ് അന്ന് അപ്രതീക്ഷിത തോൽവി യു ഡി എഫിന് ഏറ്റു വാങ്ങേണ്ടി വന്നത്.”പുതുപ്പള്ളി ചതിച്ചു” എന്നാണ് അന്ന് ചെന്നിത്തല വികാരാധീനനായി പറഞ്ഞത്.അത് ആരെ ഉദ്ദേശിച്ചായിരുന്നു എന്ന് വ്യക്തം.
എന്നാൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, കുതന്ത്രങ്ങളും പയറ്റി തെളിഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണനും, കെ സി ജോസഫും പുതുപ്പള്ളിയിൽ പ്രചരണത്തിന്റെ ചുക്കാൻ പിടിച്ച് ഐ വിഭാഗത്തിന്റെ നീക്കങ്ങൾക്ക് തടയിടുന്നുണ്ട്. പുതുപ്പള്ളിയിൽ പ്രചാരണം ആരംഭിച്ച സമയത്ത് ചാണ്ടി ഉമ്മൻ വള്ളപ്പാടിന് മുൻപിലായിരുന്നുവെങ്കിലും ഇപ്പോൾ മത്സരം പ്രവചനാതീതമാണ് എന്നാണ് യു ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തൽ

അതിനാലാണ് പുതുപ്പള്ളിയിൽ ചെന്നിത്തലയുടെ നീക്കങ്ങൾ കോൺഗ്രസ്‌ എ വിഭാഗം ഗൗരവമായി കാണുന്നത്. കേരള കോൺഗ്രസ്‌ എം പ്രവർത്തകർ അരയും തലയും മുറുക്കി പ്രവർത്തനരംഗത്തുള്ളതും യു ഡി എഫ് ക്യാമ്പിൽ അങ്കലാപ്പ് ഉയർത്തിയിട്ടുണ്ട്.ഏതൊക്കെ പ്രതിസന്ധികൾ വന്നാലും ചെറിയ ഭൂരിപക്ഷത്തിനെങ്കിലും യു ഡി എഫ് വിജയിക്കുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്.എൽ ഡി എഫ് ക്യാമ്പും ശക്തമായ പ്രചാരണത്തിലൂടെ മുന്നേറുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതൽ വോട്ട് പിടിക്കുമെന്നാണ് ബി ജെ പി ക്യാമ്പിന്റെയും വിലയിരുത്തൽ

Facebook Comments Box