Tue. May 21st, 2024

എല്ലാ മുന്നണികളുടെയും റോഡ് ഷോയോട് കൂടി പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; പുതുപ്പള്ളി ആർക്കൊപ്പം ?

By admin Sep 3, 2023 #news
Keralanewz.com

കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം . പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എല്ലാ മുന്നണി സ്ഥാനാർത്ഥികളും ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഒന്നാം ദിനം മുതൽ തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങൾക്ക് കലാശക്കൊട്ടിന്‍റെ തലേന്നും അവസാനമുണ്ടായില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പൂർണ്ണ ഗർഭിണിയായ ഭാര്യയെയും, തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും രംഗത്തെത്താതിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും സൈബർ കൂട്ടങ്ങൾ വെറുതെ വിടുന്നില്ല. സൈബർ ആക്രമണങ്ങളിൽ ജെയ്ക്കിന്‍റെ ഭാര്യ ഗീതു ഇന്നലെ പരാതി നൽകി. ജെയ്ക്കിന് വേണ്ടി അയൽവാസികളോട് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയ ഗീതു തോമസിനെ കോണ്‍ഗ്രസ് അനുകൂല സൈബർ പോരാളികൾ ട്രോളുന്നത് ആരോഗ്യ സ്ഥിതി പോലും മാനിക്കാതെയാണ്. ട്രോളുകൾ കൂടിയതോടെ കോട്ടയം എസ് പിക്ക് ഗീതു തോമസ് പരാതി നൽകി. ജയ്ക്ക് സി തോമസ് സൈബർ പരിഹാസങ്ങൾക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗീതു പരാതി നൽകിയത് ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാൻ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുകയാണ്. രണ്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബർ പോരാളികൾ സംഭാഷണം പ്രചരിപ്പിക്കുന്നത്. സംഭാഷണം തിരക്കഥയെന്ന് ചാണ്ടി ഉമ്മൻ പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ശബ്ദരേഖയാണെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. സഹോദരി, ഭാര്യ, അമ്മ എന്തിനേറെ മരിച്ചുപോയവരെ പോലും വെറുതെ വിടാതെയുള്ള സൈബർ പോര് എല്ലാ പരിധികളും ലംഘിക്കുകയാണ്

Facebook Comments Box

By admin

Related Post