പോലീസിന് നേരേ ഭീഷണി; ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ ഡ്രൈവര്‍ അറസ്റ്റില്‍
മാഹി: പോലീസിനു നേരെ ഫോണിലൂടെ ഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസിന്‍റെ കാര്‍ ഡ്രൈവറെ മാഹി പോലീസ് അറസ്റ്റ് ചെയ്തു.
പള്ളൂര്‍വയല്‍ സ്വദേശി അമല്‍രാജ് (25) എന്ന സച്ചുവിനെയാണ് മാഹി സിഐ ബി.എം. മനോജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നിന് അറവിലകത്ത് പാലം വഴി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന രണ്ടു യുവാക്കളെ രണ്ടു പേര്‍ തടഞ്ഞ് നിര്‍ത്തി യുവാക്കളുടെ ഹെല്‍മറ്റ് ഊരിവാങ്ങിയ ശേഷം അതേ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച സംഭവമുണ്ടായിരുന്നു.
ഈ കേസില്‍ പ്രതികളെ മാഹി പോലീസ് അറസ്റ്റ് ചെയ്തിനു പ്രതികളെ വിടണമെന്നും അല്ലെങ്കില്‍ പോലീസുകാരുടെ കാലുവെട്ടുമെന്നും അമല്‍ രാജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ മൊബൈല്‍ ഫോണിലും മാഹി, പള്ളൂര്‍ പോലീസ് സ്റ്റേഷനുകളിലും ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പള്ളൂര്‍ എസ്‌ഐ അജയ കുമാര്‍, മാഹി എസ്‌ഐ റെനില്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.