ബാലസോര്‍ ട്രെയിൻ ദുരന്തം: അറസ്റ്റിലായ റയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിൻ ദുരന്തത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ മൂന്ന് റയില്‍വേ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം.
സീനിയര്‍ സെക്ഷൻ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മഹാന്ത, സെക്ഷൻ എഞ്ചിനീയര്‍ മൊഹമ്മദ് ആമിര്‍ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാര്‍ എന്നിവരെയാണ് കേസില്‍ മുമ്ബ് അറസ്റ്റ് ചെയ്തിരുന്നത്. സെക്ഷൻ 304, 201, റെയില്‍വേ നിയമത്തിലെ സെക്ഷൻ 153 എന്നിവ പ്രകാരമാണ് പ്രകാരമാണ് കേസ്. ജീവനക്കാരുടെ അശ്രദ്ധ മൂലം സിഗ്നലിങ്ങില്‍ വന്ന പിഴവുകള്‍ കാരണമാണ് അപകടം നടന്നതെന്ന് കണ്ടെത്തിയിരുന്നു.
ജൂണ്‍ രണ്ടിനായിരുന്നു ഒഡിഷയിലെ ബാലസോറില്‍ വെച്ച് അപകടമുണ്ടായത്. ഹൗറയില്‍നിന്ന് ചെന്നൈയിലേക്ക് പോയ കോറമാണ്ഡല്‍ എക്‌സ്‌പ്രസ് നിര്‍ത്തിയിട്ട ചരക്കു ട്രെയിനിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ അടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്‌പുര്‍-ഹൗറ എക്‌സ്‌പ്രസും ഇതില്‍ ഇടിച്ച് പാളംതെറ്റി. സംഭവത്തില്‍ 293 പേര്‍ മരിക്കുകയും 1,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.