പിറവത്ത് കള്ളനോട്ട് നിർമാണം; അഞ്ചംഗ സംഘം പിടിയിൽ; അച്ചടിച്ചത് അഞ്ഞൂറിൻ്റെ നോട്ടുകൾ; വീട് വാടകക്ക് എടുത്തത് സീരിയൽ നിർമാണത്തിന്
കൊച്ചി: പിറവം ഇലഞ്ഞിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടി.ഒമ്പതു മാസമായി വാടക വീടു കേന്ദ്രീകരിച്ചു കള്ളനോട്ടു നിർമാണം നടത്തി വരുകയായിരുന്നെന്നാണ് വിവരം. 500 രൂപയുടെ കറൻസി നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. കൊച്ചിയിൽനിന്നുള്ള ഇന്റലിജൻസ് ബ്യൂറോയുടെ സംഘം രഹസ്യമായി നടത്തിയ ഓപ്പറേഷനാണ് സംഘത്തെ കുടുക്കിയത്.
സീരിയൽ നിർമാണത്തിന് എന്ന പേരിൽ വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം നടത്തിവന്ന പത്തനംതിട്ട സ്വദേശികളായ അഞ്ചംഗസംഘമാണ്പിടിയിലായത്. കള്ളനോട്ടു നിർമിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈഎസ്പി ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. നോട്ട് അച്ചടി സംഘത്തിനു പിന്നിൽ ഉന്നതർ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ ദിവസം ഇലഞ്ഞിയിലെ മാർക്കറ്റിൽ ഒരു കച്ചവടക്കാരനു കള്ളനോട്ടു ലഭിച്ചതിനെ തുടർന്നു, വിവരം ഇന്റലിജൻസ് ബ്യൂറോയെ അറിയിക്കുകയായിരുന്നു. പണം കൈമാറിയ സംഘം താമസിക്കുന്ന വീട് തിരിച്ചറിഞ്ഞ ഐബി ഉദ്യോഗസ്ഥർ, ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ കൂത്താട്ടുകുളം പൊലീസിനെ പോലും അറിയിക്കാതെ ഇടിച്ചു കയറി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഇവിടെ നിർമാണത്തിലിരുന്ന ലക്ഷങ്ങളുടെ കറൻസി നോട്ടുകൾ കണ്ടെത്തുകയും സംഘത്തെ പിടികൂടുകയും ചെയ്തു.