Mon. Apr 29th, 2024

ബിജെപി പാകിസ്ഥാനെ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത; മോദിക്ക് രൂക്ഷ വിമര്‍ശനം

By admin Sep 6, 2023
Keralanewz.com

മണിപ്പൂര്‍ കലാപം തടയാൻ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ലെന്ന് ഇരിങ്ങാലക്കുട രൂപത വിമര്‍ശനം ഉന്നയിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്.

തൃശൂര്‍: പാകിസ്ഥാൻ അവിടുത്തെ ക്രൈസ്തവരോട് കാണിക്കുന്ന പരിഗണന ബിജെപി സര്‍ക്കാര്‍ മാതൃകയാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത. മുഖപത്രമായ ‘കേരള സഭ’യുടെ സെപ്റ്റംബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മണിപ്പൂര്‍ ഇതുവരെ സന്ദര്‍ശിക്കാൻ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയും ഇരിങ്ങാലക്കുട രൂപത രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനെ നിന്ദിച്ചെന്നാരോപിച്ച്‌ ആഗസ്റ്റ് 16ന് പാകിസ്ഥാനിലെ ജരൻവാലയില്‍ 21 ദേവാലയങ്ങളും നൂറോളം വീടുകളും വര്‍ഗീയവാദികള്‍ തകര്‍ത്തു. പാകിസ്ഥാൻ കാവല്‍ പ്രധാനമന്ത്രിയായ അൻവര്‍ ഉല്‍ ഹഖ് കക്കര്‍ ആക്രമണത്തെ തള്ളിപ്പറയുകയും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് സന്ദര്‍ശന വേളയില്‍ അദ്ദേഹം പറയുകയും ചെയ്തു. നൂറോളം ക്രിസ്ത്യൻ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. ആക്രമണത്തിനു നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട രൂപത പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.
പാക് പ്രധാനമന്ത്രി നിയമ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുക മാത്രമല്ല, പള്ളിയുടെ ഉച്ചഭാഷിണിയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും കലാപത്തില്‍ പങ്കെടുത്ത 130 പേരെ പിടികൂടുകയും ചെയ്തു. പാക് അധീന പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മെഹ്സിൻ നഖ്വി തകര്‍ന്ന പള്ളികള്‍ നന്നാക്കുമെന്നും 94 കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

സമാന സംഭവങ്ങളാണ് മണിപ്പൂരിലും നടന്നുകൊണ്ടിരിക്കുന്നത്. കലാപം തുടങ്ങി രണ്ട് മാസത്തിനു ശേഷം കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്തു വന്നപ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രതികരിക്കാൻ തയ്യാറായത്. പോലീസില്‍ നിന്നാണ് മെയ്തേയ് വിഭാഗത്തിന് ആയുധങ്ങള്‍ ലഭിച്ചത്. എന്നാല്‍ പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കിയില്ല.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഭൂരിപക്ഷത്തിന് ഉത്തരവാദിത്തമുണ്ടെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന അവിടുത്തെ ക്രൈസ്തവര്‍ക്ക് ആശ്വാസകരമാണ്. ഇത് ബിജെപി മാതൃകയാക്കണമെന്ന് ‘കേരള സഭ’യുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

Facebook Comments Box

By admin

Related Post