വാസവൻ നേരിട്ട് നയിച്ചിട്ടും വന്‍തോല്‍വി; പുതുപ്പള്ളി ഫലം സി.പി.എം ജില്ലാ നേതൃത്വത്തിനു തലവേദനയാകും
കോട്ടയം: പുതുപ്പള്ളിയിലേറ്റ കനത്ത തോല്‍വി ജില്ലയിലെ സി.പി.എം ജില്ലാ നേതൃത്വത്തെ സാരമായി ബാധിക്കും. മന്ത്രി വി.എൻ വാസവൻ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
സഹതാപതരംഗത്തിനൊപ്പം ഭരണവിരുദ്ധ വികാരവും തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തുന്നു.
ഇത്രയും കനത്ത തോല്‍വി സി.പി.എം പ്രതീക്ഷിച്ചിരുന്നില്ല. പഴുതടച്ച പ്രചാരണം നടത്തിയിട്ടും തോല്‍വി ഒഴിവാക്കാനായില്ല. ജില്ലയുടെ ചുമതലയുള്ള വാസവനായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. പാര്‍ട്ടി വോട്ടുകളില്‍ വിള്ളല്‍ വീണിട്ടില്ലെന്ന സി.പി.എം അവകാശവാദം നിലനില്‍ക്കുമ്ബോഴും കോട്ടയത്തെ പാര്‍ട്ടി നേതാക്കള്‍ കടുത്ത നിരാശയിലാണ്.
തെരഞ്ഞെടുപ്പ് രംഗത്തെ തിരിച്ചടികള്‍ സി.പി.എം ചര്‍ച്ച ചെയ്യും. ക്രൈസ്തവവോട്ടുകളുടെ ഏകീകരണവും ഉമ്മൻ ചാണ്ടി അനുകൂല സഹതാപതരംഗത്തിന്‍റെ തീവ്രതയും തിരിച്ചറിയാൻ വൈകിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി ലഭിക്കാത്തതും കോട്ടയത്തെ സി.പി.എമ്മിന് തലവേദനയാണ്.
ചില നേതാക്കള്‍ ചികിത്സാവിവാദം ഉയര്‍ത്തി പ്രസ്താവന നടത്തിയതും തിരിച്ചടിയായി. അവസാന റൗണ്ടില്‍ എല്‍.ഡി.എഫ് പ്രചാരണം പിന്നിലായെന്ന സി.പി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതും പ്രതിരോധത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ‘കര്‍ട്ടൻ റെയ്സര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പു ഫലം സി.പി.എം നേതൃത്വം ആഴത്തില്‍ ചര്‍ച്ച ചെയ്യും.