Fri. Apr 26th, 2024

പ്ലസ്ടുവിന് 87.94 ശതമാനം വിജയം

By admin Jul 28, 2021 #news
Keralanewz.com

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മുന്‍ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം വിജയശതമാനത്തില്‍ ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

2035 സ്‌കൂളില്‍ നിന്നായി 3,73,788 പേരാണ് പരീക്ഷ എഴുതിയത്.3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി മന്ത്രി അറിയിച്ചു. സയന്‍സ് 90.52 ശതമാനം, ഹ്യുമാനിറ്റീസ് 80.04 ശതമാനം, കൊമേഴ്‌സ് 89.13 ശതമാനം, ആര്‍ട്ട്‌സ് 89.33 ശതമാനം എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള വിജയശതമാനം. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48,383 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയതായും മന്ത്രി അറിയിച്ചു.

 വിജയശതമാനത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 91.11 ശതമാനമാണ് എറണാകുളത്തെ വിജയശതമാനം. കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 82.53 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനമെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 80.36 ശതമാനമാണ് വിജയം. മുന്‍വര്‍ഷം ഇത് 76.06 ശതമാനമായിരുന്നു.

നാല് മണിമുതല്‍ ഫലം ലഭ്യമാവും.http://www.results.kite.kerala.gov.in   http://www.prd.kerala.gov.in  http://www.keralaresults.nic.in , http://www.dhsekerala.gov.in  എന്നി വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം.

കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം നടത്തിയത്.തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്‌കൂളുകളില്‍നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയത്. 

Facebook Comments Box

By admin

Related Post