കെ. സുധാകരനെ ഇ.ഡി ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു
കൊച്ചി: മോൻസണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഇ.ഡി ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചു.
തട്ടിപ്പില്‍ കെ. സുധാകരന്റെ പങ്ക് സംബന്ധിച്ച് തെളിവുണ്ടെന്ന് സുധാകരനെ ഇ.ഡി അറിയിച്ചു.
ഇന്നലെ രാവിലെ 11നാണ് സുധാകരൻ ഇ.ഡി ഓഫീസില്‍ ഹാജരായത്. വൈകിട്ട് ആറരയോടെ പുറത്തുവന്നു. മോൻസണുമായുള്ള ബന്ധം മുതല്‍ സാമ്ബത്തിക ഇടപാടുകള്‍ വരെയുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു. മോൻസണുമായി ബന്ധമുണ്ടായിരുന്നെങ്കിലും സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മൊഴി നല്‍കിയതായാണ് സൂചന.
ചോദ്യം ചെയ്യല്‍ വലിയ കാര്യമല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇ.ഡി ചോദിച്ചതിനെല്ലാം മറുപടി നല്‍കി. ആവശ്യപ്പെട്ട
രേഖകളെല്ലാം കൈമാറി. വിളിച്ചാല്‍ പത്തു തവണയും വരും. തനിക്കെതിരെ തെളിവുണ്ടെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സുധാകരൻ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു.
കഴിഞ്ഞ മാസം 22ന് സുധാകരനെ ഒമ്ബത് മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തിരുന്നു. 30ന് ഹാജരാകാൻ നോട്ടീസ് നല്‍കിയെങ്കിലും എത്തിയില്ല. വീണ്ടും നല്‍കിയ നോട്ടീസിലാണ് ഇന്നലെ ഹാജരായത്.
മോൻസണ്‍ മാവുങ്കലിന്റെ സാമ്ബത്തിക തട്ടിപ്പിന് സുധാകരൻ ഒത്താശ നല്‍കിയെന്നാണ് ഇ.ഡിയുടെ നിഗമനം. സുധാകരൻ നല്‍കിയ ഉറപ്പിലാണ് വൻതുക മോൻസണിന് കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈം ബ്രാഞ്ചിനും ഇ.ഡിക്കും മൊഴി നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍
ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് മോൻസണിന്റെ ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ഇ.ഡി അന്വേഷിക്കുന്നത്.