തിരുവനന്തപുരം :സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാല താരത്തിനുള്ള അവാര്‍ഡ് ലഭിച്ച തന്മയ സോള്‍ അവതാരകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു.
തന്നെ ബോഡി ഷെയ്മിങ് നടത്തിയ അവതാരകന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് കൊച്ചു മിടുക്കി. ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തന്മയയ്ക്ക് ലഭിച്ചത്. എന്നാല്‍, മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നല്‍കേണ്ടിയിരുന്നു എന്ന തരത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതു പരാമര്‍ശിച്ചുകൊണ്ട് സിനിഫൈല്‍ എന്ന സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പിന്റെ ഉടമ കൂടിയായ അവതാരകൻ ബിജിത്ത് വിജയൻ ഉന്നയിച്ച ചോദ്യത്തിനാണ് തന്മയയുടെ കുറിക്കു കൊള്ളുന്ന മറുപടി.
തന്മയയുടെ വാക്കുകള്‍:
കളിയാക്കലുകള്‍ എല്ലാവര്‍ക്കും കിട്ടില്ല. ഹൈറ്റില്‍ നില്‍ക്കുന്നവര്‍ക്കേ അങ്ങനെയൊരു ഇമേജ് കിട്ടുള്ളൂ. അത്രയും ഹൈറ്റിലെത്തി എന്നു വേണമെങ്കില്‍ എനിക്കു കരുതാം. ആ കളിയാക്കലുകളെ എനിക്ക് ഇങ്ങനെ വിചാരിക്കാം. അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് വേസ്റ്റാണ്. എനിക്കു തോന്നുന്നില്ല സൗന്ദര്യം എന്നു പറയുന്നത് വെളുപ്പാണെന്ന്. ചേട്ടൻ പറഞ്ഞു, ഞാൻ നല്ലതല്ല… ഫെയര്‍ ആയിരുന്നെങ്കില്‍ അത്രയും നല്ലതായിരുന്നു എന്ന്. ജനങ്ങള്‍ക്ക് ഓരോ അഭിപ്രായം കാണും. അവര്‍ക്ക് അതു പറയാനുള്ള വോയ്സ് ഉണ്ട്. പറയാനുള്ളവര്‍ പറയട്ടെ. അത് എന്നെ ബാധിക്കില്ല. എനിക്കതു കേള്‍ക്കാനും രസമുണ്ട്. എന്റെ ആഗ്രഹം മലയാളം സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കണം എന്നാണ്. ഹോളിവുഡിലെ ടിമോത്തി ഷാലമെയുടെ കൂടെ അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
തന്മയയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ ചെറിയ പ്രായത്തില്‍ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം അവര്‍ക്കുള്ള കാഴ്ചപ്പാട് അഭിനന്ദീയമാണെന്നാണ് കമന്റുകള്‍. അതേസമയം അഭിമുഖം നടത്തിയ ബിജിത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കുട്ടിയെ അധിക്ഷേപിക്കാൻ ശ്രമിച്ചതിലും നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചതിനും അയാള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടാകുന്നത്.