മലപ്പുറം : വനിതാ സംഭരണ ബിൽ പാർലമെന്റിൽ പാസാക്കിയതോടെ രാഷ്ട്രീയപാർട്ടികൾക്കിടയിൽ ചൂടേറിയ ചർച്ചകളാണ് നടന്നുവരുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ട്, എങ്കിലും തങ്ങളുടെ മതപരവും പ്രത്യശാസ്ത്രപരമായ നിലപാടുകൾ മൂലം സ്ത്രീകളെ മത്സരിപ്പിക്കുവാൻ വിമുഖത കാട്ടുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. മതേതര പാർട്ടിയാണ് എന്ന് ഘോരം ഘോരം പ്രസംഗിക്കുമ്പോഴും ഭരണഘടന നിയമങ്ങൾക്ക് അപ്പുറം ശരിയത്ത് നിയമങ്ങൾ പാലിച്ചു പോരുന്നവരാണ് മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനം. അതുകൊണ്ടുതന്നെ വനിതാ സംവരണം വന്നു കഴിയുമ്പോൾ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കേണ്ടി വരുന്നത് മുസ്ലിം ലീഗിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
പൊതുവേ ഒരു പുരുഷനും ഒരു സ്ത്രീയും മത്സരിക്കുന്ന പക്ഷം രാഷ്ട്രീയം പോലും നോക്കാതെ പുരുഷന് മാത്രം വോട്ട് ചെയ്യുന്ന രീതിയുള്ളതിനാലാണ് ഈ പ്രതിസന്ധി രൂപപ്പെടുന്നത്. ആലപ്പുഴയിൽ കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ആരിഫും ഷാനിമോളും മത്സരിച്ചപ്പോൾ യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗ് പ്രവർത്തകർ പോലും സിപിഎം സ്ഥാനാർത്ഥിയായ ആരിഫിന് വോട്ട് ചെയ്തത് ഇതിന് ഉദാഹരണമായിരുന്നു. ഇതുതന്നെയാണ് മുസ്ലിം ലീഗിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പ്രമുഖ മുസ്ലിം ലീഗ് നേതാക്കളുടെ കുടുംബത്തിൽ നിന്നും ഒരു സ്ത്രീ മത്സരത്തിന് ഇറങ്ങുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. ഇപ്പോൾ തന്നെ ത്രിതല പഞ്ചായത്തിൽ സ്ത്രീകൾ മത്സരിക്കുന്ന വാർഡുകളിൽ ഭർത്താവിന്റെയോ അച്ഛന്റെയോ ഫോട്ടോ വെച്ചുള്ള പോസ്റ്ററുകളാണ് പൊതുവേ പതിക്കാറുള്ളത്. സ്ത്രീകൾ വിജയിക്കുന്ന വാർഡുകളിൽ സ്ത്രീകൾ വീടിനു പുറത്തിറങ്ങാതെ, ഭർത്താവോ അച്ഛനോ ആണ് വാർഡിലെ കാര്യങ്ങൾ നോക്കുന്നത്. എന്നാൽ നിയമസഭാ പാർലമെൻറ് മണ്ഡലങ്ങളിൽ ഇത്തരം സാരിത്തുമ്പ് ഭരണം നടക്കില്ല എന്നതാണ് ഇത്തരം രാഷ്ട്രീയപാർട്ടികളെ കുഴക്കുന്നത്. മുസ്ലിംലീഗിന് മാത്രമല്ല എസ്ഡിപിഐ, വെൽഫെയർ പാർട്ടി, പിഡിപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ഇതേ പ്രതിസന്ധിയിൽ തന്നെയാണുളളത്.