തുറകളിലെ വറുതിക്ക് അറുതി;52 ദിവസത്തെ ട്രോളിങ്‌ നിരോധനം നാളെ അർദ്ധരാത്രി അവസാനിക്കും

Spread the love
       
 
  
    

കൊല്ലം : 52 ദിവസത്തെ ട്രോളിങ്‌ നിരോധനം നാളെ അർദ്ധരാത്രി അവസാനിക്കും. യന്ത്രവത്കൃത ബോട്ടുകൾക്കായിരുന്നു നിയന്ത്രണം. ഹാർബറുകളിലും ലേല ഹാളുകളിലും മത്സ്യബന്ധനയാനങ്ങളിലും കർശന മാനദണ്ഡപാലനം ഉറപ്പാക്കിയാണ് മത്സ്യബന്ധനത്തിന് അനുമതി. ജാഗ്രതാ പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ യാനങ്ങൾക്കുമാത്രമാണ് അനുമതി. പരമ്പരാഗത യാനങ്ങൾ രജിസ്‌ട്രേഷൻ നമ്പർ കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റിയുടെ പേര് പ്രദർശിപ്പിക്കണം. ഹാർബറിനുള്ളിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും. ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റ് ജില്ലകളിലുള്ള യാനങ്ങൾക്കും പ്രവേശനമില്ല. തങ്കശ്ശേരി ഹാർബറിൽ പ്രവർത്തിക്കുന്ന യാനങ്ങൾ അതത് സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ലേലഹാളിൽ വിപണനം നടത്തണം. ശക്തികുളങ്ങര ഹാർബറിൽ മത്സ്യവ്യാപാരം രാവിലെ നാലുമുതൽ വൈകുന്നേരം നാലുവരെയായിരിക്കും. ഇതരസംസ്ഥാനത്തൊഴിലാളികളെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും. എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഒറ്റ, ഇരട്ട അക്ക രജിസ്‌ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ടദിവസങ്ങളിൽ മാത്രമേ ഹാർബറിൽ പ്രവേശിക്കാൻ പാടുള്ളൂ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്ക യാനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക യാനങ്ങൾക്കുമാണ് അനുമതി.

Facebook Comments Box

Spread the love