National NewsPolitics

ഛത്തീസ്ഗഡില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്; മോദി എഫക്ടില്‍ പ്രതീക്ഷയുമായി ബിജെപി

Keralanewz.com

ദില്ലി: ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലില്‍ വിജയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്.

51 സീറ്റുകള്‍ വരെ നേടി ഭരണം തുടരുമെന്നാണ് ഇതുവരെ പുറത്തുവന്ന പ്രവചനങ്ങള്‍. കോണ്‍ഗ്രസിനകത്തെ ഭിന്നതയിലും പ്രധാനമന്ത്രി നയിക്കുന്ന പ്രചാരണത്തിലുമാണ് ബിജെപിയുടെ പ്രതീക്ഷ.

കഴിഞ്ഞ അഞ്ച് കൊല്ലവും സ്ഥിരതയുള്ള സര്‍ക്കാര്‍ നിലനിറുത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഭൂപേഷ് ഭാഗേലിനെ തന്നെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തവണയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പുറത്തുവന്ന പ്രവചനങ്ങളിലും കോണ്‍ഗ്രസാണ് മുന്നില്‍. നെല്‍കര്‍ഷകരുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെയും വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികള്‍ തുണക്കുമെന്നാണ് ഭാഗേലിന്റെ പ്രതീക്ഷ. എന്നാല്‍ വെല്ലുവിളികള്‍ ചെറുതല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണം മുന്നില്‍ നിന്ന് നയിച്ച ടി എസ് സിംഗ് ദേവ് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. ഉപമുഖ്യമന്ത്രിപദം നല്‍കി തല്‍കാലം സിംഗ് ദേവിനെ ആശ്വസിപ്പിക്കാനായെങ്കിലും ഭൂപേഷ് ഭാഗേലിന് ഭീഷണി ഒഴിഞ്ഞിട്ടില്ല.

ഈയിടെ പൊതുവേദിയില്‍ നരേന്ദ്രമോദിയെ പുകഴ്ത്തി പറഞ്ഞ് ടിഎസ് സിംഗ് ദേവ് പാര്‍ട്ടിയെ വെട്ടിലാക്കിയത് ഭാഗേലിനോടുള്ള ഭിന്നതയുടെ സൂചനയായി. എംഎല്‍എമാര്‍ ഭൂരിഭാഗം പേരും ഒപ്പമുള്ളതാണ് എന്നും ഭൂപേഷ് ഭാഗേലിന്റെ കരുത്ത്. കോണ്‍ഗ്രസിനകത്തെ ഭിന്നത മുതലെടുക്കാനുള്ള നീക്കങ്ങള്‍ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വമ്ബൻ റാലികള്‍ നടത്തി ബിജെപി പ്രചാരണരംഗത്ത് സജീവമാണ്. ഭാഗേല്‍ സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്ത് തീവ്രവാദവും മാവോയിസ്റ്റ് ഭീഷണിയും കൂടിയെന്നാണ് നരേന്ദ്രമോദി കഴിഞ്ഞ ദിവസം പങ്കെടുത്ത റാലിയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാൻ ഒരു മുഖമില്ലെന്നതാണ് ബിജെപിക്ക് സംസ്ഥാനത്തെ പ്രധാന വെല്ലുവിളി. 2003 മുതല്‍ 2018 വരെ മൂന്ന് ടേം സംസ്ഥാനം ഭരിച്ച രമണ്‍ സിംഗിന് സ്വീകാര്യതയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച്‌ ആംആദ്മി പാര്‍ട്ടിയും കളത്തിലുണ്ട്. 24നും മുപ്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവരാണ് സംസ്ഥാനത്തെ മുപ്പത് ശതമാനത്തോളം വരുന്ന വോട്ടര്‍മാര്‍. അവരുടെ നിലപാടും ഇത്തവണ നിര്‍ണായകമാകുമെന്നതിനാല്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള വാഗ്ദാനങ്ങളുമായി പ്രചാരണം സജീവമാക്കുകയാണ് പാര്‍ട്ടികള്‍.

Facebook Comments Box