Thu. May 16th, 2024

മാലിന്യം കടലിലേക്ക്; സ്കൂളിന് 27,000 രൂപ പിഴ

By admin Oct 11, 2023
Keralanewz.com

തലശ്ശേരി: പ്ലാസ്റ്റിക് ഉള്‍െപ്പടെയുള്ള മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിച്ചതിന് സ്കൂളിന് 27,000 രൂപ പിഴ ചുമത്തി.
ശുചിത്വ, മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്.

നഗരത്തിലെ ഒരു സ്കൂള്‍ പരിസരത്തു നിന്നാണ് വ്യാപകമായ രീതിയില്‍ അറബിക്കടലിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. ഡിസ്പോസബ്ള്‍ കപ്പുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, വെള്ള കുപ്പികള്‍, ബിസ്കറ്റ് കവറുകള്‍, കടലാസുകള്‍ എന്നിവയാണ് കടലിലേക്ക് ഊര്‍ന്നിറങ്ങിയ രീതിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. സ്കൂള്‍ പാചകപ്പുരയില്‍ നിന്നുള്ള മലിനജലവും ഭക്ഷണ അവശിഷ്ടങ്ങളും വാഷ് ബേസിനില്‍ നിന്നും ശുചിമുറിയില്‍ നിന്നുമുള്ള മലിനജലവും നേരിട്ട് കടലിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് കാണപ്പെട്ടത്. ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിക്കാതെ സ്കൂള്‍ പരിസരത്ത് പലയിടത്തും കൂട്ടിയിട്ട നിലയിലായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്കൂള്‍ കാന്റീനില്‍ നിന്നും ഡിസ്പോസബ്ള്‍ കപ്പുകളും സ്ക്വാഡ് കണ്ടെടുത്തു. ജലാശയം മലിനപ്പെടുത്തിയതിന് 25,000 രൂപയും ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിക്കാതെ കൂട്ടിയിട്ടതിന് 2,000 രൂപയുമാണ് പിഴ ചുമത്തിയത്. നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി നഗരസഭക്ക് നിര്‍ദേശം നല്‍കി. ഇ.പി. സുധീഷിന്റെ നേതൃത്വത്തിലുള്ള ജില്ല എന്‍ഫോഴ്സ്മെന്റ് ടീമിനൊപ്പം തലശ്ശേരി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഇ. ദിനേശനും പങ്കെടുത്തു.

Facebook Comments Box

By admin

Related Post