National News

ബന്ദികളെ മോചിപ്പിക്കാതെ ഗാസയിലേക്ക് വെള്ളമോ വൈദ്യുതിയോ നല്‍കില്ല; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍

Keralanewz.com

ഇസ്രയേലില്‍ നിന്ന് ഹമാസ് പോരാളികള്‍ ബന്ദികളാക്കിയവരെ വിട്ടയക്കാതെ, ഗാസയിലേക്ക് വെള്ളമോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ നല്‍കില്ലെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ ഊര്‍ജ്ജമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്.

ഹമാസ് ബന്ദികളാക്കിയവര്‍ മടങ്ങിയെത്തുന്നത് വരെ ഗാസയിലെ ഒരു ഇലക്‌ട്രിക് സ്വിച്ച്‌ പോലും ഓണാകില്ല എന്നും വെള്ളം ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മാനുഷികതയുള്ളവരോട് മാത്രമേ മനുഷ്യത്വം കാണിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രേയേല്‍ ബന്ദികള്‍ക്ക് സ്വാതന്ത്യം ലഭിക്കുന്നത് വരെ ഉപരോധത്തില്‍ മാറ്റമുണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ പലസ്തീനിലെ ഏക താപനിലയത്തിന്റെ പ്രവര്‍ത്തനവും കഴിഞ്ഞ ദിവസം നിലച്ചിരുന്നു.

അതിനിടെ, ഗാസയിലേക്ക് കര മാര്‍ഗം ആക്രമണം നടത്താനും ഇസ്രയേല്‍ പദ്ധതിയിടുന്നതായി വിവരമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് സൈനിക മേധാവികളെ ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇരുഭാഗത്തുമായി ഇതുവരെ 3600ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ശനിയാഴ്ച ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസിന്റെ നുഖ്ബ ഫോഴ്‌സ് അംഗങ്ങളെ ഓരോരുത്തരെയായി ഇല്ലാതാക്കുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹമാസ് പോരാളികളെ എല്ലാവരെയും വകവരുത്തുമെന്നും സൈന്യത്തെ നശിപ്പിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെതിരായ പോരാട്ടത്തിന് മേല്‍നോട്ടം വഹിക്കാന്‍ അടിയന്തര ഐക്യ സര്‍ക്കാരും യുദ്ധ കാബിനറ്റും രൂപീകരിക്കാനും കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. പ്രധാനമന്ത്രി നെതന്യാഹു, പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സ്, നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, നിരീക്ഷക അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Facebook Comments Box