സ്വപ്നയുടെയും സന്തോഷ് ഈപ്പന്റെയും സ്വത്ത് കണ്ടുകെട്ടി
കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്ന സുരേഷ്, സന്തോഷ് ഈപ്പൻ എന്നിവരുടെ സ്വത്തുക്കള്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
കേസില്‍ സ്വപ്ന സുരേഷ് രണ്ടാം പ്രതിയും യുനിടാക് കമ്ബനി ഉടമ സന്തോഷ് ഈപ്പൻ ഏഴാം പ്രതിയുമാണ്. ഇരുവരുടെയും പേരിലുള്ള 5.38 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്‍റെ വീടും സ്വപ്നയുടെ സ്ഥാവര സ്വത്തുക്കളും ബാങ്ക് ബാലൻസുകളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
കേസില്‍ എം. ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ഏപ്രില്‍ 20നാണ് ഇ.ഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്ന, സന്തോഷ് ഈപ്പൻ, വിദേശ പൗരൻ ഖാലിദ്, സരിത്ത്, സന്ദീപ് എന്നിവര്‍ ഉള്‍പ്പെടെ ആകെ 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഇതില്‍ ശിവശങ്കറും സന്തോഷ് ഈപ്പനുമാണ് അറസ്റ്റിലായത്.
സന്തോഷ് ഈപ്പന്‍റെ രണ്ട് കമ്ബനികള്‍ കേസില്‍ ഉള്‍പ്പെട്ടതായി ഇ.ഡി കണ്ടെത്തിയിരുന്നു. കേസിലെ സൂത്രധാരൻ ശിവശങ്കറാണെന്നാണ് കണ്ടെത്തല്‍. പ്രളയബാധിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനുള്ള ലൈഫ് മിഷൻ പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം.