ചെങ്ങന്നൂര്‍ – പമ്ബ പാത പൂര്‍ണമായും ആകാശപാതയല്ലെന്ന് റെയില്‍വേ; ഭൂനിരപ്പില്‍ 28 കിലോമീറ്റര്‍
പത്തനംതിട്ട : നിര്‍ദിഷ്ട ചെങ്ങന്നൂര്‍-പമ്ബ പാത പൂര്‍ണമായും ആകാശ പാതയായിരിക്കില്ലെന്നു റെയില്‍വേ. 60 കിലോമീറ്റര്‍ പാതയില്‍ 32 കിമീ ദൂരമായിരിക്കും തൂണുകളിലും തുരങ്കങ്ങളിലും.
28 കിലോമീറ്റര്‍ ഭൂനിരപ്പില്‍ തന്നെയാകും. പാത തുടങ്ങുന്ന ചെങ്ങന്നൂരില്‍ ഭൂനിരപ്പിലാണു പാത ആരംഭിക്കുക. വയലുകള്‍ വരുന്ന സ്ഥലങ്ങളില്‍ തൂണുകളിലൂടെയാകും പാത കടന്നു പോകുകയെന്നു നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ഷാജി സഖറിയ പറഞ്ഞു.
പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ തയാറാകും. പദ്ധതി സംബന്ധിച്ചു അവതരണത്തിനായി ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ കലക്ടര്‍മാര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നു അധികൃതര്‍ പറഞ്ഞു. പുണെ ആസ്ഥാനമായ കമ്ബനിയാണു ഡിപിആര്‍ തയാറാക്കുന്നത്. ഏകദേശം. 177.80 ഹെക്ടര്‍ ഭൂമിയാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക.
ചെങ്ങന്നൂര്‍ നഗരസഭ, മല്ലപ്പുഴശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍, വടശേരിക്കര, റാന്നി, കീക്കൊഴൂര്‍, സീതത്തോട്, അത്തിക്കയം, പെരുനാട് വില്ലേജുകളിലാണു പാതയ്ക്കായി ഭൂമിയേറ്റെടുക്കേണ്ടത്. ഇതില്‍ ചില മാറ്റങ്ങള്‍ വരാൻ സാധ്യതയുണ്ട്. ശബരിമല സീസണില്‍ മാത്രമാകും ഈ പാതയിലൂടെ ട്രെയിനോടിക്കുക. മറ്റു സമയങ്ങളില്‍ പാത അടച്ചിടും. വനം വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വടശേരിക്കര മുതല്‍ പമ്ബ വരെയുള്ള മണ്ണ് പരിശോധന പൂര്‍ത്തിയാക്കും. ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.