41 പേരെ കാനഡയും തിരിച്ചുവിളിച്ചു , ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം തള്ളി ഇന്ത്യ
ഡല്‍ഹി: ഇന്ത്യയിലുള്ള 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് കാനഡ. നയതന്ത്ര ബന്ധം സംബന്ധിച്ച് വിയന്ന കണ്‍വെന്‍ഷനിലെ ചട്ടങ്ങള്‍ ഇന്ത്യ ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.
മുംബൈ, ചണ്ഡീഗഡ്, ബംഗളുരു എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലെ എല്ലാ വ്യക്‌തിഗത സേവനങ്ങളും താല്‍ക്കാലികമായി കാനഡ നിര്‍ത്തി. ഈ മൂന്ന് നഗരങ്ങളിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും അഭ്യര്‍ഥിച്ചു. സഹായം ആവശ്യമുണ്ടെങ്കില്‍ ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മിഷനെ ബന്ധപ്പെടാന്‍ ഇന്ത്യയിലുള്ള എല്ലാ കാനഡക്കാര്‍ക്കും അവര്‍ നിര്‍ദേശവും നല്‍കി.
അതേസമയം, കാനഡയുടെ വാദം പൊള്ളയെന്നും നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ തുല്യത ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇന്ത്യയിലും കാനഡയിലുമുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ തുല്യത ആവശ്യപ്പെട്ടത് രാജ്യാന്തര മാനദണ്ഡങ്ങളുടെ ലംഘനമല്ല. തുല്യത നടപ്പാക്കുന്നത് രാജ്യാന്തര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ശ്രമം തടയുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ കനേഡിയന്‍ നയതന്ത്രജ്‌ഞര്‍ ഏറെയുണ്ടായിരുന്നു. അവര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്തല്‍ തുടര്‍ന്നു. ഈ പശ്‌ചാത്തലത്തിലാണ് പ്രതിനിധികളുടെ എണ്ണത്തില്‍ തുല്യത ആവശ്യപ്പെട്ടതെന്നും മന്ത്രാലയം വിശദീകരിച്ചു.
41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച വിവരം ഇന്നലെ രാവിലെയാണ് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചത്. ഡല്‍ഹിയിലെ 21 നയതന്ത്രപ്രതിനികളും അവരുടെ കുടുംബാംഗങ്ങളും ഒഴികെയുള്ള ബാക്കി എല്ലാ പ്രതിനിധികളുടെയും പ്രത്യേക പരിരക്ഷ ഈ മാസം 20 മുതല്‍ നീക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. 41 പ്രതിനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും പരിരക്ഷ നഷ്‌ടപ്പെടുന്ന പശ്‌ചാത്തലത്തിലാണ് അവരെ പിന്‍വലിച്ചതെന്നും കനേഡിയന്‍ മന്ത്രി വിശദീകരിച്ചു.
ഭയമില്ലാതെ പ്രവര്‍ത്തിക്കാന്‍ പരിരക്ഷ വേണം. അറസ്‌റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ നിന്നുള്ള പരിരക്ഷയാണ് നയതന്ത്ര പ്രതിനിധികള്‍ക്കുള്ളത്. പരിരക്ഷ ഏകപക്ഷീയമായി പിന്‍വലിക്കുന്നത് വിയന്ന കണ്‍വന്‍ഷനിലെ ധാരണകള്‍ക്കു വിരുദ്ധമാണെന്നും കാനഡ കുറ്റപ്പെടുത്തി. ഖലിസ്‌ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് വിവാദങ്ങള്‍ക്കു കാരണം.