Kerala News

മട്ടന്നൂര്‍ മണ്ഡലതല നവകേരള സദസ്സ്; വിമാനത്താവളത്തിന് സമീപം വേദിയൊരുക്കുമെന്ന് കെ.കെ ശൈലജ എം.എല്‍.എ

Keralanewz.com

മട്ടന്നൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് മട്ടന്നൂര്‍ മണ്ഡലതല പരിപാടി നവംബര്‍ 22ന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം ഗേറ്റിന് സമീപത്ത് ഒരുക്കുന്ന വേദിയില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് കെ.കെ ശൈലജ എം.എല്‍.എ മട്ടന്നൂരില്‍ അറിയിച്ചു.
ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മട്ടന്നൂര്‍ മധുസൂദനൻ തങ്ങള്‍ സ്മാരക ഗവ. യു പി സ്കൂളില്‍ ചേര്‍ന്നു. സംഘാടക സമിതി ചെയര്‍മാനായ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ യുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ ചെയര്‍മാനായും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് ജനറല്‍ കണ്‍വീനറുമായുള്ള 1001 പേരടങ്ങുന്ന സംഘാടക സമിതിയാണ് നവകേരള സദസ്സിനായി മട്ടന്നൂരിലുള്ളത്.

ജനറല്‍ പ്രോഗ്രാം, സ്റ്റേജ്, പ്രചരണം, റിസപ്ഷൻ, കള്‍ച്ചറല്‍ പ്രോഗ്രാം, മെഡിക്കല്‍, ട്രാൻസ്‌പോര്‍ട്, വളണ്ടിയര്‍, കുടിവെള്ളം, മീഡിയ, ഫിനാൻസ്, സുവനീര്‍ എന്നിങ്ങനെ 12 സബ്കമ്മിറ്റികളുമുണ്ട്. നവംബര്‍ അഞ്ചിനകം എല്ലാ സബ്കമ്മിറ്റികളും യോഗം ചേര്‍ന്ന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. വിവിധ സബ്കമ്മിറ്റികള്‍ യോഗം ചേരുന്നതിനുള്ള തീയതികളും സമയവും യോഗത്തില്‍ തീരുമാനിച്ചു.നിലവില്‍ തദ്ദേശസ്ഥാപന തലത്തിലെ സംഘാടന സമിതി രൂപീകരണം പൂര്‍ത്തിയായി. ബൂത്ത്‌തല സംഘാടക സമിതികള്‍ വരുംദിവസങ്ങളില്‍ രൂപീകരിക്കും.

മട്ടന്നൂര്‍ മണ്ഡലത്തിലെ 169 ബൂത്തുകളില്‍ നിന്നായി 20000ത്തിലേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. പൊതുജനങ്ങളുടെ അപേക്ഷകള്‍, പരാതികള്‍ എന്നിവ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. പരിപാടിയുടെ പ്രചരണാര്‍ഥം 50 വീടുകള്‍ക്ക് ഒന്ന് എന്ന തോതില്‍ വീട്ടുമുറ്റ സദസ്സുകള്‍ നടത്തും. പഞ്ചായത്ത്‌തലത്തില്‍ വിളംബര റാലികള്‍ നടത്തും.മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ് വമ്ബിച്ച വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

Facebook Comments Box