Kerala News

എനിക്കിഷ്ടമല്ല, ഇങ്ങനെ തൊടല്ലേ ചേട്ടാ’, പൊലീസല്ലേ ക്ഷമിക്കെന്ന് എസിപി: മറൈൻ ഡ്രൈവിലെ മിന്നല്‍ പരിശോധനയ്ക്കിടെ സംഭവിച്ചത്

Keralanewz.com

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവില്‍ പൊലീസിന്റെ മിന്നല്‍ ലഹരി പരിശോധന. സംശയം തോന്നുന്ന യുവാക്കളില്‍ ദേഹപരിശോധന നടത്തുകയാണ് എസിപിയും സംഘവും ചെയ്തത്.
മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ നിരവധി യുവാക്കളുടെ ദേഹം പൊലീസ് പരിശോധിച്ചു. പരിശോധനയ്ക്കിടെ ഒരു യുവാവ് പൊലീസിനോട് തര്‍ക്കിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മുടി നീട്ടിയ യുവാവിനെയാണ് പൊലീസ് പരിശോധിച്ചത്. പരിശോധനയ്ക്കിടെ ദേഹത്ത് തൊട്ട പൊലീസുകാരനോട് അവിടെ തൊടുന്നത് എനിക്കിഷ്ടമല്ല ചേട്ട എന്ന് പറഞ്ഞാണ് യുവാവ് സംഭാഷണം തുടങ്ങുന്നത്. ‘എന്റെ കയ്യില്‍ എല്‍എസ്ഡിയോ എംഡിഎംഎയോ ഒന്നുമില്ല. മുടിയും താടിയും വളര്‍ത്തിയത് കാരണം, തെറ്റിദ്ധാരണ എല്ലാവര്‍ക്കുമുണ്ട്. ചേട്ടാ..ഇങ്ങനെ തൊടല്ലേ, അത് എനിക്ക് ഇഷ്ടമല്ല. ഈ തൊടുന്നതിനൊക്കെ ഒരു പരിധിയുണ്ട് സര്‍’- യുവാവ് പറഞ്ഞു.

എന്നാല്‍ ഇതൊക്കെ ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്നതാണെന്നാണ് പൊലീസ് യുവാവിനോട് പറയുന്നത്. ‘താടിയും മുടിയും വളര്‍ത്തിയ ഒരുപാട് പേരുണ്ട്. അതൊന്നുമല്ല, തന്റെ പെരുമാറ്റത്തിലുളള സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. വളരെ സ്‌നേഹത്തോടും മര്യാദയോടുമാണ് തന്നോട് പറഞ്ഞത്. പൊലീസിന് ചില അധികാരങ്ങളുണ്ട്. അത് നീ മനസിലാക്കണം’-എസിപി പറഞ്ഞു.

അതേസമയം, മറൈൻ ഡ്രൈവില്‍ രണ്ട് ദിവസം മുമ്ബ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്നുമായി 12 പേരെ പിടികൂടിയിരുന്നു. ഡി.സി.പിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു മിന്നല്‍ പരിശോധന. മയക്കുമരുന്ന് വ്യാപാരവും മറ്റ് കുറ്റകൃത്യങ്ങളും പരിഗണിച്ച്‌ മറൈൻ ഡ്രൈവില്‍ രാത്രി 10ന് ശേഷം സന്ദര്‍ശകവിലക്ക് ഉണ്ട്. ഇത് ലംഘിച്ച്‌ മയക്കുമരുന്ന് സംഘങ്ങളും സാമൂഹ്യവിരുദ്ധരും ഇവിടെ തമ്ബടിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതോടൊപ്പം അവധിദിവസമായിരുന്നതിനാലുള്ള തിരക്കുകൂടി പരിഗണിച്ചായിരുന്നു പരിശോധന. സംശയാസ്പദമായി കണ്ടവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് 12 പേരെ കസ്റ്റഡിയിലെടുത്തത്.

നഗരത്തില്‍ തുടരുന്ന മയക്കുമരുന്ന് വേട്ടയില്‍ നേരത്തെ രണ്ടുപേരെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. പാലാരിവട്ടം പള്ളിനടയില്‍ തയ്യല്‍കട നടത്തുന്ന തമ്മനം സ്വദേശി സോബിനെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ പോണോത്ത് റോഡ് അഴകന്തറ ക്രോസ് റോഡിന് എതിര്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന ബസ് ഡ്രൈവര്‍ ടില്ലു തോമസിന്റെ (29) വീട്ടില്‍നിന്ന് 78.59 ഗ്രാം എംഡിഎംഎയും കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു മയക്കുമരുന്ന്. ടില്ലു തോമസിന്റെ പക്കല്‍നിന്നാണ് സോബിൻ എംഡിഎംഎ വാങ്ങിയിരുന്നത്. ഇയാളെ പിടികൂടാനായില്ല

Facebook Comments Box