Kerala News

കോഴിക്കോട് ട്രാവലര്‍ താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു; 12പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Keralanewz.com

കോഴിക്കോട്: ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേയ്‌ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം.
കോട്ടയം സ്വദേശിനി സാലിയ (60) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 12പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ മാടപ്പള്ളി കോളേജ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. പാലായില്‍ നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാസേന എത്തിയാണ് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്. പരിക്കേറ്റ മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, തമിഴ്നാട് തിരുവണ്ണാമലയില്‍ കാറും ബസും കൂട്ടിയിടിച്ച്‌ ഏഴുപേര്‍ മരിച്ചു. കൃഷ്ണഗിരി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്. പുതുച്ചേരിയിലെ പശ നിര്‍മാണ ഫാക്ടറിയില്‍ നിന്ന് വരുന്ന തൊഴിലാളികളടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ സുമോ തമിഴ്നാട് റോഡ് ട്രാൻസ്പോര്‍ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് സംഭവസ്ഥലത്ത് വച്ച്‌ തന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സെൻഗം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

Facebook Comments Box