Thu. May 2nd, 2024

ചന്ദ്രൻ ആളത്ര ചില്ലറക്കാരനല്ല; പ്രായം നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍, പുതിയ പഠനം പറയുന്നത് ഇങ്ങനെ

By admin Oct 24, 2023
Keralanewz.com

ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ എന്നുള്ള കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. ഭൂമിയില്‍ നിന്ന് ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്.
ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഇപ്പോള്‍ ചന്ദ്രനില്‍ ജീവന്റ കണികകള്‍ സാദ്ധ്യമാണോ എന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. വര്‍ഷങ്ങളായി ഇതുസംബന്ധിച്ച പഠനങ്ങളും നടക്കുന്നു. ഇപ്പോഴിതാ ചന്ദ്രന്റെ പ്രായം സംബന്ധിച്ച ഒരു പഠനം ശ്രദ്ധനേടുകയാണ്. ചന്ദ്രന് നിലവില്‍ കരുതുന്നതിനെക്കാള്‍ പ്രായമുണ്ടെന്നതാണിത്. 1972ല്‍ അപ്പോളോ 17ലെ ബഹിരാകാശ യാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലകള്‍ പഠിച്ച ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയത്.

ചിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ചന്ദ്രന്റെ പ്രായം 4.46 ബില്യണ്‍ (446 കോടി) വര്‍ഷമാണെന്നാണ് പുതിയ കണ്ടെത്തല്‍. നിലവില്‍ വിശ്വസിക്കുന്നതിനേക്കാള്‍ നാല് കോടി വര്‍ഷം കൂടി പഴക്കമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജിയോകെമിക്കല്‍ പെര്‍സ്‌പെക്റ്റീവ് ലെറ്റേഴ്‌സില്‍ ഈ പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫീല്‍ഡ് മ്യൂസിയത്തിലെ മെറ്റിയോറിറ്റിക്സ് ആൻഡ് പോളാര്‍ സ്റ്റഡീസിന്റെ റോബര്‍ട്ട് എ പ്രിറ്റ്സ്‌കര്‍ ക്യൂറേറ്റര്‍ ഫിലിപ്പ് ഹെക്ക്, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച്‌ അസോസിയേറ്റ് ജെന്നിക ഗ്രീര്‍ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

സൗരയൂഥം രൂപീകൃതമായി ഏകദേശം 60 ദശലക്ഷം വര്‍ഷത്തിന് ശേഷമാണ് ചന്ദ്രൻ ഉണ്ടായതെന്നായിരുന്നു പുതിയ നിഗമനം. സൗരയൂഥത്തിന് ശേഷം ഏകദേശം 108 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും സ്വാധീനവും മനസ്സിലാക്കാൻ കൃത്യമായ പ്രായം അറിയുന്നത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 1972ല്‍ അപ്പോളോ 17ലെ ബഹിരാകാശ യാത്രികര്‍ ശേഖരിച്ച ചന്ദ്രന്റെ സാമ്ബിളുകളില്‍ കണ്ടെത്തിയ ‘സിര്‍ക്കോണ്‍’ എന്ന ധാതു ശാസ്ത്രജ്ഞര്‍ പഠിച്ചു. സിര്‍ക്കോണ്‍ ക്രിസ്റ്റലുകളുടെ പ്രായം നിര്‍ണ്ണയിക്കാൻ ആറ്റം പ്രോബ് ടോമോഗ്രഫി എന്ന വിശകലന രീതിയാണ് സംഘം ഉപയോഗിച്ചത്.

ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തില്‍ രൂപംകൊണ്ട സിര്‍ക്കോണ്‍ പരലുകള്‍, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളില്‍ ഒന്നാണെന്നാണ് വിലയിരുത്തല്‍. ശേഷം ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ഇലക്‌ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായ നിര്‍ണയ പരീക്ഷണം നടത്തിയത്.

ആറ്റങ്ങളെ ലേസര്‍ ഉപയോഗിച്ച്‌ നീരാവിയാക്കി. തുടര്‍ന്ന് അവ എത്ര വേഗത്തില്‍ നീങ്ങുന്നു, എത്ര ഭാരമുള്ളതാണ് എന്നത് മനസ്സിലാക്കാനായി. ഇതില്‍ അടങ്ങിയിരിക്കുന്ന യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അളവ് ഉപയോഗിച്ച്‌ ശാസ്ത്രജ്ഞര്‍ സാമ്ബിളിന്റെ പ്രായം നിര്‍ണ്ണയിക്കുകയും ചെയ്തു. ഒരു സാമ്ബിളില്‍ അടങ്ങിയിരിക്കുന്ന വ്യത്യസ്ത യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അനുപാതം നോക്കിയാല്‍, അതിന്റെ പ്രായം നിര്‍ണ്ണയിക്കാനാകും.

Facebook Comments Box

By admin

Related Post