കനഗോലുവിന്റെ റിപ്പോർട്ട് ചാലക്കുടിയിൽ ബെന്നി ബഹനാന് വിനയാകുമോ ?
ചാലക്കുടി :കർണ്ണാടകയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ സുനിൽ കനഗോലു കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ നിന്നും തയ്യാറാക്കിയ റിപ്പോർട്ട് എ ഐ സി സി ക്ക് സമർപ്പിച്ചപ്പോൾ, കോൺഗ്രസിലെ പല സിറ്റിംഗ് എം പിമാർക്കും സീറ്റ് ലഭിക്കാനിടയില്ല എന്നുള്ള വാർത്തകൾ പുറത്ത് വരുന്നു. ഇതിൽ ഏറ്റവും പ്രധാനം ചാലക്കുടിയിലെ സിറ്റിംഗ് എം പി ബെന്നി ബഹനാന് ജയസാധ്യത കുറവാണ് എന്നുള്ള വാർത്തകളാണ്.മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്നുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് റിപ്പോർട്ട്.
ഒരുകാലത്ത് ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ എ ഗ്രൂപ്പിലെ ഏറ്റവും ശക്തനായ നേതാവായിരുന്ന ബഹനാൻ ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഗ്രൂപ്പിൽ നിന്നും പുറത്തായ അവസ്ഥയിലാണ്.
യാക്കോബായ, ഓർത്തഡോക്സ്, കത്തോലിക്കാ വോട്ടുകൾ ഫലം നിർണ്ണയിക്കുന്ന ചാലക്കുടി മണ്ഡലത്തിൽ കഴിഞ്ഞ പ്രാവശ്യം സിറ്റിംഗ് എം പിയായിരുന്ന ചലച്ചിത്ര നടനും ഇടത് സ്വതന്ത്രനുമായിരുന്ന ഇന്നസെന്റിനെയായിരുന്നു ബെന്നി ബഹനാൻ പരാജയപ്പെടുത്തിയത്.
തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി, എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ചാലക്കുടി പാർലമെന്റ് മണ്ഡലം.ഇതിൽ കുന്നത്തുനാട്ടിൽ ട്വന്റി – ട്വന്റിക്ക് കാര്യമായ സ്വാധീനമുള്ള നിരവധി പഞ്ചായത്തുകൾ ഉണ്ട്. ട്വന്റി – ട്വന്റിയുമായി ശത്രുതയിലായ സിറ്റിംഗ് എംപി ബെന്നി ബഹനാൻ മത്സരിച്ചാൽ ആ വോട്ടുകൾ മറയും എന്നും കനഗോലുവിന്റെ റിപ്പോർട്ടിൽ ഉള്ളതായി അറിയുന്നു.യു ഡി എഫിന് മേൽകൈയുള്ള മണ്ഡലത്തിൽ സ്ഥാനാർഥിയുടെ മികവും വോട്ടർമാർ പരിഗണിക്കുന്ന വിഷയമാണ്.
ഇടതുപക്ഷം ശക്തമായ സ്ഥാനാർഥിയെ രംഗത്തിറക്കുവാനാണ് ആലോചിക്കുന്നത്. തൃശൂരിൽ നിന്നുള്ള ഒരു പ്രമുഖ സിനിമാ നടനും ഇടതുപക്ഷത്തിന്റെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.അതിനാൽ നെഗറ്റീവ് ഇമേജ് ഇല്ലാത്ത ഒരു പുതുമുഖത്തെ മത്സരിപ്പിക്കുന്നതായിരിക്കും കോൺഗ്രസിന് വിജയ സാധ്യത എന്നും കനഗോലു നിർദ്ദേശം നൽകിയിട്ടുണ്ട്.മാത്രവുമല്ല യാക്കോബായ- ഓർത്തഡോക്സ് വിഷയവും ബെന്നി ബഹനാന് തിരിച്ചടി ആയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ബെന്നിക്കുവേണ്ടി വാദിക്കുവാൻ കോൺഗ്രസ് എ ഗ്രൂപ്പിൽ നിന്നും ആരും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഈ അവസരം മുതലെടുത്ത് ഐ ഗ്രൂപ്പിലെ ഒരു പ്രമുഖനും സീറ്റിനായി എ ഐ സി സി യെ സമീപിച്ചിട്ടുണ്ട്.
ഏതായാലും ‘ഡെമോക്ലസിന്റെ വാൾ’ പോലെ കനഗോലുവിന്റെ റിപ്പോർട്ട് കോൺഗ്രസിലെ പല സിറ്റിംഗ്എം പി മാരുടേയും ഉറക്കം കെടുത്തും എന്നുറപ്പ്.