Kerala News

എം എൽ എ യുടെ സഹോദരൻ പ്രസിഡണ്ട്‌ ആയിരുന്നപ്പോൾ വഴിവിട്ട വായ്പകൾ നൽകി കിഴ തടിയൂർ ബാങ്കിനെ പ്രതിസന്ധിയിലാക്കിഎന്ന് – നിക്ഷേപകർ

Keralanewz.com

പാലാ :കിഴതടിയൂർ ബാങ്ക് പ്രതിസന്ധി; ഭരണസമിതിക്കാരുടെ മാത്രം വായ്പ നൂറ് കോടിയോളം

മീനച്ചിൽ താലൂക്കിൻ്റെ ഖജനാവ് എന്ന നിലയിൽ ഖ്യാതി നേടിയ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബാങ്കിൻ്റെ നേതൃത്വത്തിൽ ഒട്ടേറെ ക്ഷേമപദ്ധതികൾക്കു നടപ്പാക്കിയും വരുന്നുണ്ട്.

മറ്റ് സഹകരണബാങ്കുകൾ അസൂയയോടെ തന്നെയാണ് കിഴതടിയൂർ ബാങ്കിനെ നോക്കിക്കണ്ടിരുന്നത്. അഡ്വ ജോർജ് സി കാപ്പൻ്റെ നേതൃത്വത്തിലാണ് ബാങ്ക് പതിറ്റാണ്ടുകളായി വന്നിരുന്നത്. സ്വാതന്ത്ര്യ സമര നേതാവും എം പി യും പാലാ നഗരസഭയുടെ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ്റെ മകനും ഇപ്പോഴത്തെ പാലാ എം എൽ എ മാണി സി കാപ്പൻ്റെ സഹോദരനുമാണ് ജോർജ് സി കാപ്പൻ.

പതിറ്റാണ്ടുകളായി ബാങ്കിൻ്റെ ഭരണം കൈയ്യാളിയിരുന്ന ജോർജ് സി കാപ്പൻ തൻ്റെ ഇഷ്ടക്കാരെ മാത്രമേ ഭരണസമിതിയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പ്രത്യേകിച്ച് തിരുവായ്ക്ക് എതിർവാ പറയാത്തവരും നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപിണ്ടി ഘടിപ്പിച്ചവരുമായിരുന്നു കാപ്പൻ്റെ ഇഷ്ടക്കാർ. അത് ഓരോ കാലത്തെയും ഭരണസമിതിക്കാരെ വിശകലനം ചെയ്താൽ ആർക്കും ബോധ്യമാകും. തനിക്ക് ഭരണം പിടിക്കാനുതകും വിധം തൻ്റെ ആളുകൾക്ക് മാത്രം പരമാവധി മെമ്പർഷിപ്പുകൾ നൽകിപ്പോന്നു. ഇത് സാധാരണ സഹകരണ ബാങ്ക് ഭരണസമിതികൾ ചെയ്യാറുള്ളതാണ്. മറ്റു ബാങ്കുകൾ പിടിച്ചെടുക്കാൻ രാഷ്ട്രീയ എതിരാളികൂടിയായ കേരളാ കോൺഗ്രസ് എം രംഗത്തിറങ്ങാറുണ്ടായിരുന്നുവെങ്കിലും കിഴതടിയൂർ ബാങ്ക് കാപ്പന് വിട്ടുനൽകിയ പോലെയായിരുന്നു പ്രവർത്തനം.

ഏതായാലും പതിറ്റാണ്ടുകളായി ഭരണം നടത്തിയ കാപ്പൻ പ്രായാധിക്യം മൂലം കളം ഒഴിവാകേണ്ടിവന്നപ്പോൾ ഇടതുമുന്നണിക്കാണ് ഭരണം കിട്ടിയത്.

അടുത്തകാലത്ത് കിഴതടിയൂർ ബാങ്ക് പ്രതിസന്ധിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

പ്രസിഡൻ്റായിരുന്ന ജോർജ് സി കാപ്പൻ്റെ ബാങ്കിലെ സേവിംങ്ങ് അക്കൗണ്ടിലെ നിക്ഷേപം രണ്ടായിരത്തിൽ താഴെയാണെങ്കിലും 50 ലക്ഷത്തിൻ്റെ ലോൺ എടുത്തിട്ടുണ്ട്. ഭാര്യയുടെ പേരിലും അത്രയും തന്നെ ഉണ്ട് ലോൺ. കാപ്പൻ്റെ സ്ഥലം ഈട് വച്ച് പല പേരിലായി 2.50 കോടി ലോൺ എടുത്തിട്ടുണ്ട്. ഇതിൽ ബാങ്കിലെ സ്റ്റാഫും വീട്ടിലെ പണിക്കാരിയും ഉൾപ്പെടുന്നു. മകൻ മനുവിനുമുണ്ട് 50 ലക്ഷത്തിൻ്റെ വായ്പ. വേറെ മൂന്നിൽ പരം കോടിയും വായ്പ ഉണ്ട്. മനുവിൻ്റെ ഭാര്യയ്ക്കും 50 ലക്ഷത്തിൻ്റെ ലോൺ ഉണ്ടെത്രെ. ഇതു കൂടാതെ മറ്റു പലരുടെയും പേരിലായി 2.5 കോടിയോളം രൂപയും വായ്പ എടുത്തിട്ടുണ്ട്. മറ്റൊരു മകൻ സുനിൽ എടുത്ത തുകയിൽ കുറച്ച് തിരിച്ചടച്ചിട്ടുണ്ട്. മറ്റു പലരുടെയും പേരിലായി ഒന്നേകാൽ കോടി രൂപ ഇനിയും വായ്പാ പട്ടികയിൽ നിലനിൽക്കുന്നു. മൈനറായ കുട്ടിയുടെ പേരിൽ ലോണെടുത്ത് ചരിത്രം സൃഷ്ടിക്കാനും കഴിഞ്ഞു. ഇതു കൂടാതെ പലരുടെയും പേരിലായി അഞ്ചുകോടിയോളം രൂപ വേറെയും എടുത്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
കിഴതടിയൂർ ബാങ്കിലെ ഭരണ സമിതി അംഗങ്ങളും അവരുടെ സിൽബന്ധികളും ബന്ധുക്കളുമെല്ലാം ചേർന്ന് എടുത്തിട്ടുള്ള വായ്പ മാത്രം ഏകദേശം നൂറു കോടിയോളം രൂപയുടെ ബാധ്യത വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ആരും തന്നെ കാര്യമായി തിരിച്ചടവ് നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സാധാരണക്കാർ 3 തവണ തിരിച്ചടവ് മുടക്കിയാൽ ഭീഷണിയും മറ്റും മുഴക്കാറുണ്ട് ബാങ്കുകൾ. വർഷങ്ങളായി ഇവരുടെ തിരിച്ചടവ് മുടങ്ങിയിട്ടും നടപടിയൊന്നുമില്ല.

*ബാങ്കുകൾ അടിയന്തിരമായി വൻ ബാധ്യത വരുത്തിയവരുടെ പേരുകളും തുകയും പരസ്യപ്പെടുത്തി ജപ്തി നടപടികൾ സ്വീകരിക്കണം. ഒരേ സ്ഥലം തന്നെ പലരുടെ പേരിൽ വച്ച് തുക എടുത്തവർക്കെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും പൊതു പണം ദുർവ്യയം ചെയ്തതിനും കേസെടുക്കുകയും അത്തരക്കാരെ ജയിലിൽ അടയ്ക്കുകയും ചെയ്യണം. ഇല്ലെങ്കിൽ പണം തട്ടിയവർ സുഭിക്ഷമായി കഴിയുകയും പണം നഷ്ടപ്പെട്ടവർ എന്നും ദുരിതത്തിലാകുകയും ചെയ്യും.

Facebook Comments Box