Kerala News

മുന്നാക്ക ക്ഷേമ അധ്യക്ഷസ്ഥാനം തിരിച്ചെത്തി; ഇടതിന് വീണ്ടും അഭിമതനായി ഗണേഷ്

Keralanewz.com

കൊല്ലം: രണ്ടുമാസം മുമ്ബ് നഷ്ടമായ മുന്നാക്ക സമുദായ ക്ഷേമ ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം കേരള കോണ്‍ഗ്രസ് ബിക്ക് തിരികെ ലഭിച്ചു.
ഇതോടെ, പാര്‍ട്ടി ചെയര്‍മാൻ കെ.ബി. ഗണേഷ് കുമാറും ഇടതുമുന്നണിയുമായുള്ള അകല്‍ച്ചയുമില്ലാതാകുന്നു. കെ.ജി. പ്രേംജിത്തിനാണ് ബോര്‍ഡ് ചെയര്‍മാനായി പുനര്‍നിയമനം ലഭിച്ചത്. പ്രേംജിത്തിനെ നീക്കി പകരം സി.പി.എം പ്രതിനിധി എം. രാജഗോപാലൻ നായരെ നിയമിച്ചിരുന്നു.

തന്നോട് ആലോചിക്കാതെയുള്ള നടപടിയില്‍ ഗണേഷ് പ്രതിഷേധിക്കുകയും പ്രേംജിത്തിനെ പുനര്‍നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉടൻ പുനര്‍നിയമനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുകൊടുത്തെങ്കിലും നടന്നില്ല. അതിനു പിന്നാലെ, സോളാര്‍ വിവാദം വീണ്ടും ഉയര്‍ന്നതോടെ പ്രേംജിത്തിന്‍റെ പുനര്‍നിയമനത്തിനൊപ്പം അടുത്തമാസം നടക്കാനിരിക്കുന്ന മന്ത്രിസഭ പുനഃസംഘടനയില്‍ ഗണേഷിന് ലഭിക്കേണ്ട സ്ഥാനവും തുലാസ്സിലായി. എന്തായാലും പ്രേംജിത്തിന്‍റെ പുനര്‍നിയമന ഉത്തരവ് ഇറങ്ങിയതോടെ ഗണേഷിന്‍റെ മന്ത്രിസഭ പ്രവേശനം കൂടിയാണ് ഉറപ്പായത്. ആറ് അനൗദ്യോഗിക അംഗങ്ങളെയും മൂന്ന് ഔദ്യോഗിക അംഗങ്ങളെയും ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ പങ്കെടുപ്പിച്ച്‌ ഒരാഴ്ചമുമ്ബ് കേരള കോണ്‍ഗ്രസ് ബി കൊട്ടാരക്കരയില്‍ ജില്ല സമ്മേളനവും ശക്തി പ്രകടനവും നടത്തിയിരുന്നു. സോളാറും മുന്നണിയിലെ പിണക്കവുമടക്കം വിവാദ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള മറുപടിയായാണ് സമ്മേളനം മാറിയത്.

അതേ സമയം, ഗണേഷിന് മന്ത്രി സ്ഥാനമുറപ്പായതിനൊപ്പം ഇടതുമുന്നണിയില്‍ മറ്റൊരു പോരിന് തിരിതെളിഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം-ബി വടംവലിയാണിത്. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസില്‍ (എം) നിന്ന് ചിലര്‍ ‘ബി’ യില്‍ ചേര്‍ന്നതാണ് പ്രശ്നമായത്. ഗണേഷ് തന്നെയാണ് അത് പ്രഖ്യാപിച്ചത്. എന്നാല്‍, ഈ പ്രസ്താവനക്കെതിരെ അത് വ്യാജമാണെന്നും ഒരേ മുന്നണിയിലെ മറ്റൊരു പാര്‍ട്ടിക്കെതിരെ ഇത്തരം പ്രസ്താവന നടത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും കേരള കോണ്‍ഗ്രസ് എം തിരുവനന്തപുരം ജില്ല കമ്മിറ്റി പത്രക്കുറിപ്പിറക്കി.

ജോസ് കെ. മാണിയുടെ പേര് സോളാര്‍ പീഡന പരാതിയിലേക്ക് വലിച്ചിഴച്ചത് ഗണേഷാണെന്ന് നേരത്തേ തന്നെ കേരള കോണ്‍ഗ്രസ് എം ആരോപിച്ചിരുന്നു. മുന്നണിയില്‍ എം.എല്‍.എ മാത്രമായിരുന്ന ഗണേഷ് മന്ത്രിയാകുന്നതോടെ, വകുപ്പിന്‍റെ വലിപ്പ ചെറുപ്പമടക്കം പുതിയ തര്‍ക്കങ്ങളിലേക്ക് വഴിതുറക്കുമെന്നാണ് സൂചന.

Facebook Comments Box