International NewsKerala NewsNational News

ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദം നിങ്ങളെ ഞെട്ടിച്ചോ? കാരണം ഇതാണ്

Keralanewz.com

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകളുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിന്റെ ഞെട്ടലിലാണ് പലരും.

സംഭവിക്കുന്നത് എന്താണെന്നറിയാതെ മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെവെക്കുകയും ഓഫ് ചെയ്യുകയും ഉണ്ടായി. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനും ഫോണുകള്‍ക്കുണ്ടായതാണ് പലരിലും ഞെട്ടലുണ്ടാക്കിയത്.

മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദത്തോടെ അലേര്‍ട്ട് വന്നതില്‍ ആരും ഭയക്കേണ്ട ആവശ്യമില്ല. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റ് (Cell Broadcast) സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും സെല്‍ ബ്രോഡ്കാസ്റ്റ് സന്ദേശം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.

കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്ദത്തോടെ ഇത്തരം എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. വളരെ നിര്‍ണായകമായ എമര്‍ജന്‍സി അലേര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ഫോണിലേക്ക് എത്തിയത്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ-ഫോണുകളിലും ഒരു പോലെ തന്നെയാണ് സന്ദേശം വന്നിരിക്കുന്നത് എന്നാണു ഉപഭോക്താക്കള്‍ പറയുന്നത്.

കേരളത്തിലെ മൊബൈല്‍ ഫോണുകളില്‍ എത്തിയ അലേര്‍ട്ട് മെസേജിനൊപ്പം ഉയര്‍ന്ന ബീപ് ശബ്ദവും വൈബ്രേഷനും ശബ്ദ സന്ദേശവും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുമുള്ള മലയാളം എഴുത്തുമുണ്ടായിരുന്നു.

Facebook Comments Box