Thu. May 9th, 2024

സഹകരണ ബാങ്കുകളുടെ വായ്‌പ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ നവംബര്‍ ഒന്നു മുതല്‍ 30 വരെ; മന്ത്രി വിഎന്‍ വാസവന്‍

By admin Oct 31, 2023
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശിക നിവാരണം

സഹകരണ ബാങ്കുകളിലെ വായ്‌പ കുടിശിക ഒഴിവാക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ 2023 രണ്ടാം ഘട്ട കാമ്ബയിന്‍ (Loan Arrear Clearance Campaign) ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ (VN Vasavan) അറിയിച്ചു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശിക അടച്ചു തീര്‍ക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശിക നിവാരണം.

2023 നവംബര്‍ 30 വരെ കാമ്ബയിന്‍ ഉണ്ടായിരിക്കും. പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുത്ത് കുടിശിക ആയവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്‌പ നല്‍കുന്നതുമായ എല്ലാ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശിക ഇതുപ്രകാരം അടച്ചുതീര്‍ക്കാനാകും എന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.

ക്യാന്‍സര്‍ ബാധിതര്‍, കിഡ്‌നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവര്‍, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവര്‍, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, എയ്‌ഡ്‌സ് രോഗം ബാധിച്ചവര്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ചികിത്സിച്ച്‌ മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്‌പക്കാരന്‍റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്‌പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്‌പകള്‍ തുടങ്ങി ഓരോ വായ്‌പക്കാരന്‍റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഓഡിറ്റില്‍ 100% കരുതല്‍ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്‌പകള്‍ പദ്ധതിപ്രകാരം തീര്‍പ്പാക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച്‌ സാധാരണ പലിശ നിരക്കില്‍ മാത്രമേ തുക ഈടാക്കാന്‍ പറ്റൂ. കൃത്യമായി വായ്‌പ തിരിച്ചടവ് നടത്തുന്നവര്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലില്‍ ആനുകൂല്യം ലഭിക്കും. ഈ പദ്ധതി അനുസരിച്ച്‌ വായ്‌പ തീര്‍പ്പാക്കിയശേഷം നടപടിക്രമങ്ങള്‍ പാലിച്ചവര്‍ക്ക് പുതിയ വായ്‌പ അനുവദിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായ്‌പക്കാരന്‍റെ നിലവിലെ സാഹചര്യം, സാമ്ബത്തികസ്ഥിതി, തിരിച്ചടവ് ശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം. എല്ലാ വായ്‌പ ഒത്തുതീര്‍പ്പുകളിലും പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും. എന്നാല്‍ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ ഫീസ്, കോടതിച്ചെലവുകള്‍, പരസ്യച്ചെലവുകള്‍ എന്നിവ വായ്‌പക്കാരനില്‍നിന്നും ഈടാക്കും. ഇന്ത്യയിലെ മറ്റൊരു ബാങ്കിങ്ങ് മേഖലയും സാധാരണക്കാരുടെ വായ്‌പകള്‍ക്ക് ഇത്തരത്തില്‍ ഇളവുകള്‍ നല്‍കാറില്ല.

ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ സമയത്ത് ജനങ്ങള്‍ക്കും നാടിനും ഗുണകരമായ നടപടികളാണ് സഹകരണ മേഖലയില്‍ നിന്ന് ഉണ്ടാകുന്നത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നിരവധിയായ സാധാരണക്കാര്‍ക്ക് ആശ്വാസവും ബാങ്കുകളിലെ കുടിശിക കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ഇത് ഏര്‍പ്പെടുത്തുന്നതെന്നും പരമാവധി സഹകാരികള്‍ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.

Facebook Comments Box

By admin

Related Post