‘ഇനി പിടിച്ചു നില്‍ക്കാൻ കഴിയില്ല, മരണത്തിന് കീഴടങ്ങുന്നു’; ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ എന്തും പറയാം എന്നാണോ വിചാരം: തുറന്നടിച്ച് മംമ്താ മോഹൻദാസ്
മയൂഖം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് മംമ്താ മോഹൻദാസ്. മയൂഖത്തിന് ശേഷം ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയവേഷങ്ങള്‍ ചെയ്യാൻ മംമ്തയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരത്തിന് സാമൂഹ്യമാദ്ധ്യമ ലോകത്ത് വലിയൊരു ആരാധകവൃന്ദമാണുള്ളത്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും തന്റേതായ ഇടംനേടാൻ മംമ്തയ്‌ക്ക് സാധിച്ചിട്ടുണ്ട്. മംമ്തയുടെ ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്നിപ്പോള്‍ താരത്തെ കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മംമ്താ മോഹൻദാസ്.
മംമ്തയെക്കുറിച്ച് വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്ത ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിനെതിരെയാണ് മംമ്ത മോഹൻദാസ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഇനി പിടിച്ചു നില്‍ക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത പ്രചരിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വാര്‍ത്ത വൻതോതില്‍ പ്രചരിച്ചു. നിരവധി പേരാണ് പ്രതികരണം ആശങ്കകളും പങ്കുവെച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് മംമ്ത ഇൻസ്റ്റഗ്രാമിലൂടെ സത്യാവസ്ഥ പങ്കുവെച്ചത്.
‘നിങ്ങള്‍ ആരാണ്….. നിങ്ങള്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ നിങ്ങള്‍ കരുതുന്നത്…ഇത് പോലെയുള്ള വ്യാജ പേജുകള്‍ ആരും ഫോളോ ചെയ്യാതിരിക്കുക’എന്നാണ് മംമ്ത ഇൻസ്റ്റഗ്രമില്‍ കുറിച്ചത്. മംമ്തയുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.