‘എന്ത് ഐക്യം’; രാഹുല്‍ ഗാന്ധിയുടെ പ്രഭാതവിരുന്നിന് പിന്നാലെ പാര്‍ലമെന്റിന് പുറത്ത് രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ട് പ്രതിപക്ഷ എംപിമാര്‍, വീഡിയോ

Spread the love
       
 
  
    

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിരയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാതവിരുന്നിന് തൊട്ടുപിന്നാലെ കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ ബുധനാഴ്ച രാവിലെ പാര്‍ലമെന്റിന് പുറത്ത് രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് പഞ്ചാബില്‍നിന്നുള്ള എംപിമാരായ കോണ്‍ഗ്രസിന്റെ രവ്‌നീത് സിംഗ് ബിട്ടുവും അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദലും. ‘അവര്‍ മന്ത്രിയായിരുന്ന സമയത്താണ് കേന്ദ്രമന്ത്രിസഭ ബില്ലുകള്‍ പാസാക്കിയത്. താങ്കള്‍ പിന്നീട് രാജിവച്ചു. അവരുടെ(അകാലിദള്‍) നാടകം തുടരുന്നു’.-ഹര്‍സിമ്രത് കൗര്‍ ബാദലിനെ കുറ്റപ്പെടുത്തി രവ്‌നീത് സിംഗ് ബിട്ടു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാര്‍ഷിക നിയമങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി കഴിഞ്ഞവര്‍ഷം കേന്ദ്രമന്ത്രിസഭയില്‍നിന്ന് ഹര്‍സിമ്രത് കൗര്‍ രാജിവച്ചിരുന്നു. ‘അവരോട് ചോദിക്കൂ… എല്ലാം സംഭവിക്കുമ്ബോള്‍ രാഹുല്‍ഗാന്ധി എവിടെയായിരുന്നു. ഇറങ്ങിപ്പോക്ക് നടത്തി ഈ പാര്‍ട്ടി(കോണ്‍ഗ്രസ്) ബില്ലുകള്‍ പാസാകാന്‍ സഹായിച്ചു. അവര്‍ കള്ളം പറയുന്നത് നിര്‍ത്തണം’.-ഹര്‍സിമ്രത് കൗര്‍ മറുപടി നല്‍കി. ഇരുവരും തമ്മിലുള്ള വാക്‌പോര് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

വര്‍ഷകാല സമ്മേളനത്തിനിടെ പാര്‍ലമെന്റിന് പുറത്ത് അകാലിദള്‍ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. ‘എന്ത് ഐക്യം. അവര്‍(അകാലിദള്‍) ബില്ലുകള്‍ പാസാക്കി, ഇപ്പോള്‍ അഞ്ചു ദിവസമായിരിക്കുന്നു. അവരുടെ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ എവിടെന്ന് അവരോട് ചോദിക്കൂ’- സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുന്നതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രവ്‌നീത് സിംഗ് ബിട്ടു പ്രതികരിച്ചു.

ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാത വിരുന്നില്‍ പത്തിലധികം പാര്‍ട്ടികളുടെ എംപിമാര്‍ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പെഗസസ് ആരോപണം, കര്‍ഷക പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം നിരന്തരം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധി എംപിമാരെ ക്ഷണിച്ച്‌ വരുത്തിയത്. വിരുന്നില്‍നിന്ന് അകാലിദള്‍ ഉള്‍പ്പെടെ ചില കക്ഷികള്‍ വിട്ടുനിന്നു.

Facebook Comments Box

Spread the love