‘സുരക്ഷിതരായിരിക്കൂ, ഞങ്ങള്‍ അവിടേക്ക് എത്തുകയാണ്’; ഹമാസ് ബന്ദികളാക്കിയവരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് ജോ ബൈഡൻ
ന്യൂയോര്‍ക്ക്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും, വൈകാതെ തന്നെ ഇവരുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
സുരക്ഷിതരായിട്ടിരിക്കൂ, ഞങ്ങള്‍ ഉടനെ എത്തും ഇതാണ് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബത്തിനുള്ള സന്ദേശമെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോ ബൈഡൻ പറഞ്ഞു.
ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു. ബൈഡന്റെ മിഡില്‍ ഈസ്റ്റിലുള്ള ഉന്നത ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുര്‍ക് ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കായി ഈ മേഖലയിലേക്ക് പോവുകയാണെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍, സാധാരണക്കാര്‍ക്ക് സുരക്ഷ നല്‍കേണ്ടതിന്റെ ആവശ്യകത, ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍, ഹമാസിന്റെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നും വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇതില്‍ നാല് പേരെ മാത്രമാണ് ഇതുവരെ വിട്ടയച്ചത്.