ഫാര്‍മസി കമ്മിഷൻ ബില്ലിന്റെ കരട്പ്രസിദ്ധീകരിച്ചു ,യോഗ്യതയില്ലാത്തവര്‍ മരുന്ന് വിറ്റാല്‍ 5 ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും
ന്യൂഡല്‍ഹി: യോഗ്യതയില്ലാത്ത ഫാര്‍മസിസ്റ്റ് മരുന്ന് വിറ്റാല്‍ അഞ്ചു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവു ശിക്ഷയും.
ഇതടക്കം കര്‍ശന വ്യവസ്ഥകളുമായി ദേശീയ ഫാര്‍മസി കമ്മിഷൻ ബില്ലിന്റെ കരട് പൊതുജനാഭിപ്രായം തേടി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
ബില്‍ നിയമമായാല്‍ ദേശീയ ഫാര്‍മസി കൗണ്‍സില്‍, സംസ്ഥാന കൗണ്‍സിലുകള്‍ എന്നിവയ‌്ക്കു പകരം ഫാര്‍മസി കമ്മിഷൻ നിലവില്‍ വരും. യോഗ്യതയില്ലാത്ത ആളിന് ഫാര്‍മസി തൊഴില്‍ പ്രാക്‌ടീസ് ചെയ്യാനും അനുമതിയില്ല. 1948ലെ പഴയ ബില്ലില്‍ രജിസ്ട്രേര്‍ഡ് ഫാര്‍മസിസ്റ്റാകണമെന്നേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഫാര്‍മസി വിദ്യാഭ്യാസം ഉറപ്പുവരുത്താനും രാജ്യവ്യാപകമായി ഫാര്‍മസി പ്രൊഫഷണലുകളുടെ ലഭ്യത ഉറപ്പാക്കാനും ബില്‍ ലക്ഷ്യമിടുന്നു.
മറ്റ് പ്രധാന
വ്യവസ്ഥകള്‍:
ന്യൂഡല്‍ഹി ആസ്ഥാനമായി ഫാര്‍മസി കമ്മീഷൻ. നിലവിലെ ഇന്ത്യൻ ഫാര്‍മസി കൗണ്‍സില്‍ പിരിച്ചുവിടും.
□ചെയര്‍പേഴ്സണും 13 എക്സ് ഒഫീഷ്യോ അംഗങ്ങളും 14 പാര്‍ട്ട് ടൈം അംഗങ്ങളും അടങ്ങുന്നതാണ് ഫാര്‍മസി കമ്മിഷൻ. കമ്മിഷന് കീഴില്‍ ഫാര്‍മസി എഡ്യൂക്കേഷൻ ബോര്‍ഡ്, ഫാര്‍മസി അസസ്‌മെന്റ് ആൻഡ് റേറ്റിംഗ് ബോര്‍ഡ്, ഫാര്‍മസി എത്തിക്‌സ് ആൻഡ് രജിസ്‌ട്രേഷൻ ബോര്‍ഡ് എന്നിവ രൂപീകരിക്കും.
□അവസാന വര്‍ഷ ബിരുദ പരീക്ഷ അടിസ്ഥാനമാക്കി ഫാര്‍മസി പ്രൊഫഷണലുകളുടെ കഴിവ് വിലയിരുത്തും.
കമ്മിഷന്റെ
ചുമതലകള്‍:
□ഫാര്‍മസി പ്രൊഫഷണലുകളുടെ രജിസ്ട്രേഷൻ, പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നല്‍കല്‍, യോഗ്യത ഉറപ്പാക്കല്‍,
□വിദ്യാഭ്യാസ നിലവാരം, സൗകര്യങ്ങള്‍, പരിശീലനം, ഗവേഷണം എന്നിവ വിലയിരുത്തല്‍, ട്യൂഷൻ ഫീസ് നിശ്ചയിക്കല്‍, ഫാര്‍മസി സ്ഥാപനങ്ങള്‍, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കലും നിയന്ത്രിക്കലും.
□ നിയമം നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന ഫാര്‍മസി ചാപ്റ്റര്‍
□ ഫാര്‍മസി വിദ്യാഭ്യാസ ബോര്‍ഡ്: ഫാര്‍മസി വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കലും പാഠ്യപദ്ധതി തയ്യാറാക്കലും. രജിസ്റ്റര്‍ ചെയ്ത ഫാര്‍മസി പ്രൊഫഷണലുകളുടെ പരിശീലന മേല്‍നോട്ടവും.
□ഫാര്‍മസി സ്ഥാപനങ്ങളും കോഴ്സുകളും തുടങ്ങാൻ ഫാര്‍മസി അസസ്‌മെന്റ് ആൻഡ് റേറ്റിംഗ് ബോര്‍ഡിന്റെ മുൻകൂര്‍ അനുമതി. ഫാര്‍മസി സ്ഥാപനങ്ങളെ വിലയിരുത്തല്‍, റേറ്റിംഗ്, മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കല്‍, പിഴചുമത്തല്‍, അംഗീകാരം പിൻവലിക്കല്‍.