Kerala NewsNational News

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ആയിരുന്നു.

Keralanewz.com

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുൻ ഗവര്‍ണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927-ല്‍ പത്തനംതിട്ടയിലായിരുന്നു ഫാത്തിമ ബീവിയുടെ ജനിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലെ പഠനശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദവും , തിരുവനന്തപുരം ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

1950-ല്‍ അഭിഭാഷകയായി എൻറോള്‍ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുൻസിഫ് ജഡ്ജിയായി നിയമിതയായത്. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1974-ല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയാകുന്നത്. 1989-ല്‍ രാജ്യത്തെ ആദ്യത്തെ സുപ്രീം കോടതി വനിതാ ജസ്റ്റിസായി നിയമിതയായി. മൂന്നുവര്‍ഷത്തിന് ശേഷം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചു.

1997 മുതല്‍ 2001 വരെയുള്ള കാലയളവിൽ തമിഴ്നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈവര്‍ഷം കേരള സര്‍ക്കാര്‍ ‘കേരള പ്രഭ’ പുരസ്കാരം നല്‍കി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു. സിവില്‍സര്‍വീസിലെയും സാമൂഹികരംഗത്തെയും സംഭാവനകള്‍ പരിഗണിച്ചാണ് ഫാത്തിമ ബീവിക്ക് ‘കേരളപ്രഭ’ പുരസ്കാരം നൽകി ആദരിച്ചത്.

Facebook Comments Box