International NewsWAR

49 ദിവസത്തിന് ശേഷം ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ ബന്ദികളെ റെഡ് ക്രോസിന് കൈമാറി.

Keralanewz.com

സമാധാനത്തിന്റെ തിരിതെളിഞ്ഞു ,നാല്‍പ്പത്തിയൊന്‍പത് ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഒടുവിൽ ഗാസയില്‍ ബന്ദികള്‍ക്ക് മോചനം.

ഖത്തറിന്റെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 25 ബന്ദികളെയാണ് മോചിപ്പിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

13 ഇസ്രയേലികളും 12 തായ്‌ലന്റ് പൗരന്‍മാരുമാണ് മോചിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിട്ടയച്ച 13 ബന്ദികളില്‍ 12 പേരും തായ്‌ലന്റ് സ്വദേശികളാണെന്ന് തായ് പ്രധാന മന്ത്രി സ്രെട്ട തവിസിൻ സമൂഹമാധ്യമമമായ എക്‌സിലൂടെ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയ 13 ഇസ്രയേല്‍ പൗരന്‍മാരെ റെഡ് ക്രോസിന് കൈമാറിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഈജിപ്ത് അതിര്‍ത്തിവഴി ഗാസയില്‍ നിന്ന് പുറത്തുവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ഗാസയിലേക്ക് ബന്ദികളാക്കിയ 240 ഓളം പേരില്‍ 23 തായ് തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നുവെന്നാണ് കണക്ക്. തായ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, ഇസ്രയേല്‍ – ഹമാസ് ആക്രമണ സമയത്ത് ഏകദേശം 30,000 തായ്‌ തൊഴിലാളികള്‍ പ്രധാനമായും ഇസ്രയേലിന്റെ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്തിരുന്നു.

കരാര്‍ അടിസ്ഥാനത്തില്‍, ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന 39 പലസ്തീൻ തടവുകാരെ ഉടൻ മോചിപ്പിക്കുമെന്നാണ് സൂചന. കൂടാതെ, താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലേക്ക് 90 ട്രെക്കുകള്‍ സഹായവുമായി അതിര്‍ത്തി കടന്നെത്തിയിട്ടുണ്ട്. ഇസ്രയേല്‍ സഹകരിക്കുന്നിടത്തോളം കാലം ഉടമ്ബടിയുടെ നിബന്ധനകള്‍ പാലിക്കാൻ ഹമാസ് പ്രതിജ്ഞാബദ്ധരാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ഹ്രസ്വ വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു

Facebook Comments Box