Thu. May 16th, 2024

ബന്ദികളുടെ മോചനം വൈകിപ്പിച്ച്‌ ഹമാസ്, ആശങ്ക

By admin Nov 26, 2023
Keralanewz.com

ജറുസലെം: ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാരോപിച്ചു ബന്ദികളെ വിട്ടയയ്ക്കാൻ വിസമ്മതിച്ച്‌ ഹമാസ്. ധാരണപ്രകാരം രണ്ടാംദിവസമായ ഇന്നലെ 14 ഇസ്രേലി ബന്ദികളെ മോചിപ്പിക്കേണ്ടതായിരുന്നു.
ഇന്നലെ വൈകുന്നേരം നാലുമുതല്‍ ബന്ദികളെ മോചിപ്പിച്ചുതുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, രാത്രി 11.30 ആയിട്ടും ബന്ദികളെ മോചിപ്പിച്ചിട്ടില്ല.

ഇസ്രയേല്‍ സേനയും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന്‍റെ രണ്ടാംദിവസമായ ഇന്നലെ മോചിപ്പിക്കാൻ ഹമാസ് തീരുമാനിച്ചിരുന്ന ഇസ്രയേലികളില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. ഇതുപ്രകാരം ഇസ്രയേലി ജയിലില്‍ക്കഴിയുന്ന 42 പലസ്തീൻ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഹമാസ് വിട്ടയക്കുന്നവരുടെ വിശദാംശങ്ങള്‍ വെള്ളിയാഴ്ച രാത്രി ലഭിച്ചതായി ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.

വെടിനിര്‍ത്തലിനെത്തുടര്‍ന്നു ഘട്ടംഘട്ടമായുള്ള ബന്ദികളുടെ മോചനത്തെ ഇസ്രേലി ജനത സ്വാഗതം ചെയ്തു. എന്നാല്‍ ഹമാസിന്‍റെ പിടിയില്‍ തുടരുന്നവരുടെ കാര്യത്തില്‍ ആശങ്ക വര്‍ധിക്കുകയാണെന്നും രാജ്യത്ത് വികാരമുണ്ട്. ഹമാസിന് വീണ്ടും കരുത്താര്‍ജിക്കാനുള്ള അവസരം നല്‍കാതെ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തി ബന്ദികളെ മുഴുവൻ മോചിപ്പിക്കണമെന്നു വാദിക്കുന്നവരും ഉണ്ട്.

നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ച രാവിലെയാണ് പ്രാബല്യത്തില്‍വന്നത്. ഇതേത്തുടര്‍ന്ന് ഇസ്രയേലി ജയിലില്‍ക്കഴിയുന്ന 39 പലസ്തീൻകാരെ വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു. 13 ഇസ്രേലികളെയും10 തായ്‌ലൻഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഹമാസും മോചിപ്പിച്ചു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണമാണ് ഒരുമാസത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിലേക്കു നയിച്ചത്.

ഇതിനിടെ വെടിനിര്‍ത്തല്‍ ഒന്നുരണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചേക്കാമെന്ന സൂചനകള്‍ ലഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഇരുഭാഗത്തുനിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫര്‍മേഷൻ സര്‍വീസ് (എസ്‌ഐഎസ്) മേധാവി ദിയാ റാഷ്വാൻ അറിയിച്ചു.

ഗാസയില്‍നിന്ന് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം ഇസ്രയേല്‍ ജയിലുകളില്‍ക്കഴിയുന്ന കൂടുതല്‍ പലസ്തീൻകാര്‍ക്കും ഇതുവഴി സ്വതന്ത്രരാകാൻ കഴിയും.

പ്രതിദിനം പത്തുപേര്‍ എന്ന കണക്കില്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Facebook Comments Box

By admin

Related Post