International NewsWAR

വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം; 13 ബന്ദികളെ ഹമാസും 39 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു

Keralanewz.com

വെടിനിര്‍ത്തലിന്റെ മൂന്നാം ദിനം കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച്‌ ഹമാസ്. 13 ബന്ദികളെ മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു.

ഇസ്രയേല്‍ പൗരന്മാരേയും നാല് വിദേശികളേയും റെഡ് ക്രോസിന് കൈമാറിയെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.

മൂന്ന് തായ്‌ലന്‍ഡുകാരും ഇസ്രയേല്‍ പൗരത്വമുള്ള റഷ്യക്കാരനും ഉള്‍പ്പെടെയുള്ളവരെയാണ് വിട്ടയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ജയിലില്‍ തടവിലുണ്ടായിരുന്ന 39 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതായി ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ഇതിനിടെ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ പരിശോധനകളില്‍ ആറ് പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ റെയ്ഡ് തുടരുകയാണ്. വെടിനിര്‍ത്തലിന്റെ മൂന്നാം ദിവസം കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് എത്തിച്ചേര്‍ന്നു.

ബന്ദിയാക്കപ്പെട്ട നാല് വയസ്സുള്ള അമേരിക്കന്‍ പൗരന്‍ അബിഗെയ്ല്‍ എഡനെ ഹമാസ് മോചിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ പൗരത്വമുള്ള 45കാരിയായ ഒരു സ്ത്രീയെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്.. കൂടുതല്‍ അമേരിക്കന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡന്‍ വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഖത്തര്‍ അമീര്‍, ഈജിപ്ത് പ്രസിഡന്റ്, ഇസ്രായേല്‍ പ്രധാനമന്ത്രി എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

Facebook Comments Box