നവകേരള ബസ് ബജറ്റ് ടൂറിസത്തിന് വിട്ടുനല്‍കും ; ആദ്യ സര്‍വിസ് കോഴിക്കോട്ടുനിന്ന്
കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്ന ബസ് പുതുവര്‍ഷാരംഭം മുതല്‍ ബജറ്റ് ടൂറിസത്തിന് വിട്ടുനല്‍കും.
കോഴിക്കോടിനാണ് ബസ് ആദ്യം അനുവദിക്കുക. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതിയുടെ ഈ വര്‍ഷത്തെ പുതുവര്‍ഷാഘോഷം വയനാട്ടില്‍ നടത്താനും ഇതിന് നവകേരള ബസ് ഉപയോഗിക്കാനുമാണ് പദ്ധതി. ആദ്യ 15 ദിവസം കോഴിക്കോട് ജില്ലയില്‍ ഉപയോഗിച്ചതിന് ശേഷം തിരുവനന്തപുരം യൂനിറ്റിന് കൈമാറാനും ആലോചനയുണ്ട്. അപേക്ഷ പരിഗണിച്ച് ആദ്യത്തെ ആറുമാസം എല്ലാ ജില്ലകള്‍ക്കും ബസ് അനുവദിക്കും.
ഏതെല്ലാം റൂട്ടുകളില്‍ ബസ് ഓടിക്കാൻ കഴിയുമെന്നത് സംബന്ധിച്ച് ഡിസംബര്‍ 10നകം റിപ്പോര്‍ട്ട് നല്‍കാനും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതുവരെ കെ.എസ്.ആര്‍.ടി.സിയിലെ നാലു ഡ്രൈവര്‍മാര്‍ മാത്രമേ ഇതില്‍ കയറിയിട്ടുള്ളൂവെന്നും ബസ് കൈമാറിക്കിട്ടിയതിന് ശേഷം സാങ്കേതികവശങ്ങള്‍ പരിഗണിച്ചേ ഏതെല്ലാം റൂട്ടുകളില്‍ അനുവദിക്കാം എന്നതില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസില്‍ നിലവിലെ എ.സി ബസുകള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായ ചാര്‍ജ് വാങ്ങാനാണ് തീരുമാനം. ബയോ ടോയ്‌ലറ്റ്, ഫ്രിഡ്‌ജ് തുടങ്ങിയ സംവിധാനങ്ങളുള്ള ബസില്‍ ഒരു മിനി കാരവൻ സൗകര്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ കൂടുതലായിരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പ്രതീക്ഷ.
ഡിസംബര്‍ 24ന് നവകേരള യാത്ര സമാപിച്ച് 26ഓടെ ബസ് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദയാത്രക്ക് അനുമതി തേടി സി.എം.ഡി ബിജു പ്രഭാകര്‍ സര്‍ക്കാറിന് കത്ത് എഴുതിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഉടൻ ബുക്കിങ് ആരംഭിക്കും.