ചിന്നക്കനാല്‍ ഫോറസ്റ്റ് വിജ്ഞാപനത്തില്‍ പ്രതികരണവുമായി എം.എം മണി എംഎല്‍എ. ഒരു വിജ്ഞാപനവും അംഗീകരിക്കില്ല. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും.
വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും എം.എംമണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാപനം പിന്‍വലിക്കണം. നടപടികളുമായി മുമ്ബോട്ട് പോയാല്‍ ജനങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ജില്ലയിലാകെ ജനങ്ങളെ അണിനിരത്തി ചെറുക്കും. ഇവിടെ താമസിക്കുന്നവര്‍ ഇവിടെ താമസിക്കും. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന നില തകരും. സമരത്തിന് ഒപ്പം നില്‍ക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്ബ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മണി കൂട്ടിച്ചേര്‍ത്തു.
എച്ച്.എന്‍.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാല്‍ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്നതുമായ സ്ഥലമാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയത്. പട്ടയം ലഭിച്ചതും ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ ഭൂമിയും സംരക്ഷിത വനമേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിയേറ്റ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നീക്കം തിരിച്ചടിയായതോടെ പ്രതിഷേധവും ശക്തമായി.