Sat. Apr 20th, 2024

ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഇന്ത്യൻ ഘടകം; കേരളത്തിനു പുറമേ കർണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസി

By admin Aug 6, 2021 #news
Keralanewz.com

ന്യൂഡൽഹി: ഭീകരർ കേരളത്തിനു പുറമേ കർണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള (ഐഎസ്) ബന്ധത്തിന്റെ പേരിൽ ബുധനാഴ്ച അറസ്റ്റിലായവർ കേരളത്തിൽ നിന്നടക്കം യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) വിവരം ലഭിച്ചു. സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ യുവാക്കളെ ലക്ഷ്യമിട്ടത്.

കശ്മീർ, കർണാടക എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ 4 പേർ കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലടക്കം പല തവണ പോയതായാണു വിവരം. ഇവരെ ഇന്നലെ ചോദ്യം ചെയ്യലിനായി ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെത്തിച്ചു.

ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലയാളി മുഹമ്മദ് അമീൻ (അബു യഹിയ) ആണ് സംഘത്തിനു നേത‍ൃത്വം നൽകിയിരുന്നത്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന അമീൻ പിന്നീട് ഇന്ത്യയിലേക്കു മടങ്ങിയെത്തി. തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയൊരുക്കി. കശ്മീർ സന്ദർശിച്ച അമീൻ അവിടെയുള്ള മുഹമ്മദ് വഖാർ ലോൺ (വിൽസൺ കശ്മീരി) എന്നയാൾക്കൊപ്പം ഭീകരപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരിച്ചു. അമീൻ പിടിയിലായതോടെയാണു സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎക്കു ലഭിച്ചത്.

2016 ൽ കാസർകോട് തൃക്കരിപ്പൂർ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃ സഹോദരനാണ് ബുധനാഴ്ച മംഗളൂരുവിൽ അറസ്റ്റിലായത്.

Facebook Comments Box

By admin

Related Post