മഹുവ മൊയ്ത്ര അയോഗ്യ; എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ലോക് സഭ, മോദിക്കെതിരെ ഇനിയും ശബ്ദിക്കുമെന്ന് മഹുവ
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മോത്രയെ ലോക് സഭയില്‍ നിന്ന് പുറത്താക്കി.
. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. പര്‍ലമെന്റ് ലോഗിൻ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമെന്ന മഹു മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക് സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
എന്നാല്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞു. പുറത്താക്കിയതുവഴി തന്റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും തന്നെ പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേ സമയം12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ ഉണ്ടായ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ നിര്‍ത്തി വെച്ചു. നടുത്തളത്തില്‍ ഇറങ്ങിയാണ് ഇന്ത്യാ സഖ്യം എംപിമാര്‍ പ്രതിഷേധിച്ചത്. പാര്‍ലമെന്റിലേക്ക് കയറും മുമ്ബ് തനിക്കെതിരേ വസ്ത്രാക്ഷേപമാണ് നടക്കുന്നതെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നും മഹുവ മൊയ്ത്ര പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് സോണ്‍കറാണ് റിപ്പോര്‍ട്ട് സഭയില്‍വച്ചത്.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പകപോക്കലാണ് തന്നോട് നടത്തുന്നതെന്നും അവര്‍ പ്രതികരിച്ചു. മഹുവ മൊയ്ത്രക്കെതിരായ നടപടി പകപോക്കല്‍ മാത്രമാണെന്ന് സിപിഎമ്മും ആരോപിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.