രഞ്ജിത്തിനെതിരായ പരാതി എല്ലാവരേയും വിളിച്ചു ചര്‍ച്ച ചെയ്യും: മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ | ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്ന പരാതികള്‍ എല്ലാവരേയും വിളിച്ചിരുത്തി ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
23 ന് ശേഷം പരാതിക്കാരെ വിളിച്ചു വരുത്തി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും.
രഞ്ജിത്തിനേയും കേള്‍ക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമര്‍ശം നടത്തിയതെന്നു പരിശോധിക്കും. വ്യക്തിപരമായ തര്‍ക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്തിനെതിരായ വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് അംഗങ്ങള്‍ പറയുന്നു. ആറാം തമ്ബുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവല്‍ നടക്കുന്നതെന്നും കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ ആ സ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ എഫ് എഫ് കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്കു പോകാന്‍ തങ്ങള്‍ക്കു താല്പര്യമില്ലെന്നു പറഞ്ഞ അംഗങ്ങള്‍ മന്ത്രിയെകണ്ടു പരാതി അറിയിച്ചിരുന്നു.