Kerala News

ഓണക്കിറ്റിനൊപ്പം പെന്‍ഷനും, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ ഓണത്തിന് മുന്‍പ് കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍

Keralanewz.com

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം തവണയും കൊവിഡിനിടയില്‍ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്ന് സാധാരണ ജീവിതത്തിലേക്ക് പതുക്കെ ആളുകള്‍ കടന്ന് തുടങ്ങിയിട്ടേ ഉളളൂ. അതിനിടെ കൊവിഡ് കേസുകള്‍ കുറയാത്തതും മൂന്നാം തരംഗത്തെ കുറിച്ചുളള സൂചനയും ആശങ്ക ഉയര്‍ത്തുന്നു. തിരുവോണത്തിന് സര്‍ക്കാര്‍ ലോക്കഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ കിറ്റ് വീടുകളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൂടാതെ സാധാരണക്കാര്‍ക്ക് ആശ്വാസമാവുകയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്‌ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. അതും ഓണത്തിന് മുന്‍പായി തന്നെ ഗുണഭോക്താക്കളുടെ കയ്യില്‍ പണമെത്തിക്കും. 3200 രൂപ വീതമാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക. 1481.87 കോടി രൂപ അതിനായി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏല്‍പ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ കയ്യില്‍ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്‌ വിതരണം ചെയ്യുന്നത് ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പെന്‍ഷന്‍ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് പത്തിനകം വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവര്‍ക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Facebook Comments Box