സൂചനാ സമരം; സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ സൂചനാ സമരം പ്രഖ്യാപിച്ച് സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകള്‍.
നാളെ രാത്രി എട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ പ്രവർത്തിക്കില്ല. സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.
ആള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പുകളില്‍ നടക്കുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം തടയുക ഉള്‍പ്പെടെയുള്ള ആറിന ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. ഇതു വലിയ രീതിയില്‍ ജനങ്ങളെ ബാധിക്കുമെന്നു മനസിലാക്കിയാണ് കെ.എസ്.ആര്‍.ടി.സി പമ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാൻ ചെയര്‍മാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 14 ഔട്ട്‌ലെറ്റുകളും നാളെ തുറന്നുപ്രവര്‍ത്തിക്കും.
ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവൻ, കിളിമാനൂര്‍, ചടയമംഗലം, പൊൻകുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നീ ഔട്ട്‌ലെറ്റുകളുടെ സേവനമാണ് 24 മണിക്കൂറും ലഭ്യമാകുകയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.