തൊടുപുഴ കുട്ടി ക്ഷീര കർഷക അവാർഡ് ലഭിച്ച സഹോദരങ്ങളുടെ 13 പശുക്കൾ ചത്തു.

തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുക്കളാണ് ഞായറാഴ്ച രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ചത്തത്.
പിതാവിന്റെ മരണത്തിനു ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മാത്യു പതിമൂന്നാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. കുട്ടികര്ഷകനായ മാത്യുവിന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്ത ദാരുണ സംഭവം നാടിനാകെ വേദനയായി. സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെ മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണ്.

ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി സംശയിക്കുന്നു.
ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.ഗദ്ദാഫി, ഡോ.ക്ലിന്റ്, ഡോ.സാനി, ഡോ.ജോര്‍ജിന് എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും അതിനോടകം 13 വലിയ പശുക്കള്‍ ചത്തിരുന്നു.
മരച്ചീനിത്തൊലി ഉള്ളില്‍ ചെന്നതാണ് പശുക്കള്‍ ചാകാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ജഡങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകു എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. മന്ത്രി കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. കഴിയാവുന്ന സഹായങ്ങൾ മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
……………………