Kerala NewsLocal NewsNational News

പിഴപ്പലിശ തുടരും, ഏപ്രില്‍ ഒന്നു വരെ

Keralanewz.com

കൊച്ചി: വായ്‌പകളുടെ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശയ്‌ക്കു പകരം പിഴത്തുക മാത്രം ഏര്‍പ്പെടുത്താനുള്ള റിസര്‍വ്‌ ബാങ്കിന്റെ തീരുമാനം നടപ്പാക്കുന്നത്‌ ഏപ്രില്‍ ഒന്നിലേക്കു മാറ്റി.

ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നാണ്‌ അറിയിച്ചിരുന്നത്‌. എന്നാല്‍ ഇതില്‍ സാവകാശം വേണമെന്ന ബാങ്കുകളുടെ ആവശ്യം പരിഗണിച്ചാണു പുതിയ തീരുമാനം.
ഏപ്രില്‍ ഒന്നു മുതല്‍ എടുക്കുന്ന വായ്‌പകള്‍ക്കാകും പുതിയ നിബന്ധന ബാധകമാവുക. നിലവിലുള്ള വായ്‌പകള്‍ക്ക്‌ ഏപ്രില്‍ ഒന്നിനും ജൂണ്‍ 30-നു മിടയില്‍ ഈ നിബന്ധന ബാധകമാക്കണമെന്നും ധനകാര്യസ്‌ഥാപനങ്ങള്‍ക്ക്‌ ആര്‍.ബി.ഐ. നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
തിരിച്ചടവ്‌ തുക പരിധിവിട്ടു പെരുകാതിരിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിച്ച നടപടിയാണിത്‌. സാധാരണയായി വായ്‌പാ തിരിച്ചടവു മുടങ്ങിയാല്‍ വായ്‌പയുടെ പലിശനിരക്കിനു മീതേയാണു പിഴപ്പലിശ ചുമത്തുന്നത്‌. ഇതോടെ തിരിച്ചടവു ബാധ്യത ഉയരും. പല ധനകാര്യസ്‌ഥാപനങ്ങളിലും ഇതു വിവിധ തരത്തിലാണു കണക്കാക്കുന്നത്‌. ഇതിന്റെ പേരില്‍ ബാങ്കും ഉപയോക്‌താക്കളും തമ്മിലുള്ള നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്‌.
ഈ സാഹചര്യത്തിലാണു പലിശയ്‌ക്കുമേല്‍ ചുമത്തുന്ന പിഴപ്പലിശയ്‌ക്കു പകരം ന്യായമായ പിഴത്തുക മാത്രം ചുമത്താന്‍ ആര്‍.ബി.ഐ. ഉത്തരവിട്ടത്‌. ഇതിന്മേല്‍ പലിശ ഈടാക്കാനും അനുവാദമില്ല. ഇതുവഴി തിരിച്ചടവു തുക ഭീമമായി വര്‍ധിക്കുന്നതു തടയാനാകും. വായ്‌പകളുടെ പലിശയിലേക്ക്‌ അധിക ചാര്‍ജ്‌ ലയിപ്പിക്കാനും ഇനി സാധിക്കില്ല. കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം റിസര്‍വ്‌ ബാങ്ക്‌ കൈക്കൊണ്ടത്‌. വായ്‌പാ കരാര്‍ പാലിക്കാനും തിരിച്ചടവില്‍ അച്ചടക്കം സ്വീകരിക്കാനും പിഴ ഈടാക്കാമെന്നാണ്‌ ആര്‍.ബി.ഐയുടെ നിര്‍ദേശം. അതേസമയം പിഴത്തുക എത്രവേണമെന്നു ബാങ്കുകള്‍ക്കു തീരുമാനിക്കാം.

Facebook Comments Box