Mon. Apr 29th, 2024

പുതിയ മന്ത്രി ചുമതലയേല്‍ക്കുന്നതിന്‌ അരമണിക്കൂര്‍ മുന്‍പ്‌ ഗതാഗത വകുപ്പില്‍ കൂട്ടസ്‌ഥലംമാറ്റം: നടപടി മരവിപ്പിച്ച്‌ ഗണേഷ്‌ കുമാര്‍

By admin Jan 1, 2024
Keralanewz.com

തിരുവനന്തപുരം: താന്‍ ചുമതലയേല്‍ക്കുന്നതിന്‌ അരമണിക്കൂര്‍ മുന്‍പ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ എസ്‌. ശ്രീജിത്ത്‌ പുറത്തിറക്കിയ കൂട്ട സ്‌ഥലംമാറ്റ ഉത്തരവ്‌ മരവിപ്പിച്ച്‌ ഗതാഗതമന്ത്രി കെ.ബി.

ഗണേഷ്‌ കുമാര്‍. 57 പേര്‍ക്ക്‌ പൊടുന്നനെ നല്‍കിയ സ്‌ഥലം മാറ്റമാണ്‌ ഇന്നലെ മരവിപ്പിച്ചത്‌. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക്‌ സ്‌ഥാനക്കയറ്റത്തോടെയുള്ള സ്‌ഥലം മാറ്റവും നല്‍കിയിരുന്നു.

ആന്റണി രാജു രാജിവച്ച്‌ കെ.ബി. ഗണേഷ്‌ കുമാര്‍ മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏല്‍ക്കുന്നതിനു മുമ്ബാണ്‌ സ്‌ഥലംമാറ്റ ഉത്തരവ്‌ പുറത്തിറങ്ങിയത്‌. എന്നാല്‍, മന്ത്രിയുടെ സത്യപ്രതിജ്‌ഞയ്‌ക്കുപിന്നാലെ ഉത്തരവ്‌ മരവിപ്പിക്കുകയായിരുന്നു. സത്യപ്രതിജ്‌ഞ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ്‌ തത്‌കാലം നടപ്പാക്കേണ്ടിതില്ലന്ന്‌ ഇന്നലെ രാവിലെ നിര്‍ദേശം നല്‍കുകയായിരുന്നു.ഉത്തരവ്‌ പിന്‍വലിച്ചിട്ടില്ല, മരവിപ്പിക്കാനാണ്‌ നിര്‍ദേശം നല്‍കിയത്‌. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ സ്‌ഥലംമാറ്റവുമായി ബന്ധപ്പെട്ട്‌ വിവാദമുണ്ടായിരുന്നു.

വിചിത്രമായ മാനദണ്‌ഡങ്ങളോടെ അസിസ്‌റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരുടെ സ്‌ഥലംമാറ്റ ഉത്തരവ്‌ പുറത്തിറങ്ങി. ഇത്‌ ചോദ്യംചെയ്‌ത്‌ ചില ഉദ്യോഗസ്‌ഥര്‍ അഡ്‌മിനിസ്‌്രേടറ്റീവ്‌ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെ ഉത്തരവ്‌ മരവിപ്പിച്ചു. പിന്നാലെ ഇറക്കിയ സ്‌ഥലം മാറ്റ ഉത്തരവില്‍നിന്ന്‌ ചില ഉദ്യോഗസ്‌ഥര്‍ ഒഴിവായിരുന്നു. ചില ഉദ്യോഗസ്‌ഥര്‍ക്ക്‌ അന്നു ദൂരേക്ക്‌ സ്‌ഥലംമാറി പോകേണ്ടിവന്നു. അവര്‍ക്കുകൂടെ താത്‌പര്യമുള്ള ഇടങ്ങളിലേക്ക്‌ സ്‌ഥലംമാറ്റിയുള്ള ഉത്തരവായിരുന്നു 29നു ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയത്‌.

Facebook Comments Box

By admin

Related Post