Mon. Apr 29th, 2024

കർണാടകക്കും വേണം കെ സ്‍മാര്‍ട്ട് , മാതൃകയാക്കാന്‍ കേന്ദ്രവും .

By admin Jan 2, 2024
Keralanewz.com

തിരുവനന്തപുരം : കേരളത്തിന്‍റെ ഡിജിറ്റല്‍ ഭരണ നിര്‍വഹണത്തിലെ പുതിയ നാഴികക്കല്ലിനെ മാതൃകയാക്കാനൊരുങ്ങി മറ്റ് സംസ്ഥാനങ്ങളും , കേന്ദ്ര സർക്കാരും , കര്‍ണാടക സര്‍ക്കാരാണ് കെ സ്‍മാര്‍ട്ടിന് സമാനമായ പ്ലാറ്റ്‍ഫോം കേരളത്തിനു പിന്നാലെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.

അതിനുള്ള ധാരണാപത്രം കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍(റിഫോംസ്) പ്രീതി ഗെലോട്ട് ഐഎഎസിസില്‍ നിന്ന് ഇൻഫര്‍മേഷൻ കേരള മിഷൻ (ഐകെഎം) സിഎംഡി ഡോ. സന്തോഷ് ബാബു സ്വീകരിച്ചു.

ഇന്നലെ കെ സ്‍മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. മറ്റ് ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഐകെഎം-ന്‍റെ 100 അംഗ കോര്‍ ടീം 120 ദിവസം കൊണ്ടാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അര്‍ബൻ ഡിജിറ്റല്‍ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും കെ സ്‍മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കേരളത്തിന്റെ ഈ ആപ്പ് ലോഞ്ച് ചെയ്യുന്നത് കാണാൻ തങ്ങള്‍ അതീവ താല്പര്യത്തോടെ കാത്തിരിക്കുകയായിരുന്നുവെന്ന് അവര്‍ അറിയിച്ചതായി എംബി രാജേഷ് പറയുന്നു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാക്കാൻ കഴിയും എന്നാണ് അവര്‍ കരുതുന്നത്.

നാഷണല്‍ അര്‍ബൻ ഡിജിറ്റല്‍ മിഷൻ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുണ്ട്. അര്‍ബൻ ഗവേണൻസ് പ്ലാറ്റ്ഫോം (എന്‍യുജിപി) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിര്‍വ്വഹണ പങ്കാളിയായി ഐകെഎമ്മിനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബൻ അഫയേഴ്സ് (എന്‍ഐയുഎ) എംപാനല്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇങ്ങനെ എംപാനല്‍ ചെയ്യപ്പെട്ട ഏക സംസ്ഥാന സര്‍ക്കാര്‍ ഏജൻസിയാണ് ഐകെഎം.

സ്വിറ്റ്സര്‍ലൻഡില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രൊഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റര്‍നെറ്റ് കമ്ബ്യൂട്ടര്‍ പ്രോട്ടോക്കോള്‍ (ഐസിപി) കെ സ്മാര്‍ട്ടുമായി സഹകരിക്കാൻ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്‍റ്റില്‍ പറഞ്ഞു. ഐസിപിയുടെ പ്രതിനിധി ശശി ശേഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. ഐസിപി യുടെ പിന്തുണയില്‍ നടപ്പാക്കുന്ന സേവനങ്ങള്‍ കുറ്റമറ്റതും ചെലവ് കുറഞ്ഞതും വേഗതയേറിയതുമാണ്. ഉപയോക്താക്കളുടെ എണ്ണം എത്ര വര്‍ദ്ധിച്ചാലും മികച്ച സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കും.

കെ സ്മാര്‍ട്ടിന്റെ ഭാവി വികസനത്തിന് ഒരു വലിയ പിന്തുണയായിരിക്കും ഐസിപിയുടെ സഹകരണ വാഗ്ദാനമെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ പോലെയുള്ള നൂതന സാങ്കേതികവിദ്യകളില്‍ ഇൻക്യുബേഷൻ പ്രോഗ്രാം നടത്തുന്നതിനുള്ള താല്‍പ്പര്യവും ഐസിപി അറിയിച്ചിട്ടുണ്ട്. ഈ പുതിയ സാങ്കേതിക വിദ്യ മേഖലകളിലെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിലും ആയിരക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഈ സഹകരണം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Facebook Comments Box

By admin

Related Post