സമുദായം ഒന്നിച്ചില്ലെങ്കില്‍ മുറ്റത്ത് കുഴികുത്തി ഇലയിട്ട് കഞ്ഞി കുടിപ്പിക്കും -ജി. സുകുമാരൻ നായര്‍
ചങ്ങനാശ്ശേരി: നായര്‍ സമുദായം ഐക്യത്തോടെ നിന്നില്ലെങ്കില്‍ ഭാവിയില്‍ ഒറ്റപ്പെടുമെന്നും രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാറുകളോ കൂടെ കാണില്ലെന്നും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.
സുകുമാരൻ നായര്‍. 147-ാമത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണം ലഭിക്കാൻ ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നത്. സമുദായം ഒരുമിച്ച് നിന്നില്ലെങ്കില്‍ അവരുടെ മുറ്റത്ത് കുഴികുത്തി ഇലയിട്ട് കഞ്ഞി കുടിപ്പിക്കും. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സര്‍ക്കാറോ ഒരു ഗുണവും ചെയ്തുതരില്ല. തെരഞ്ഞെടുപ്പ് സമയത്ത് വന്നു പോകുന്നതല്ലാതെ കോണ്‍ഗ്രസുകാര്‍ തിരക്കിപ്പോലും വരില്ല. ന്യൂനപക്ഷങ്ങളുടെ പ്രീതി സമ്ബാദിക്കാൻ ചരിത്രം പോലും മാറ്റിയെഴുതുന്നു. രാഷ്ട്രീയത്തില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാം. പക്ഷേ, പെറ്റ തള്ളയെ തള്ളിപ്പറയരുത്. എൻ.എസ്.എസിനെ വിമര്‍ശിക്കുന്നവര്‍ മഴയത്തു പോലും കരയോഗത്തിന്റെയോ താലൂക്ക് യോഗത്തിന്റെയോ തിണ്ണയില്‍ പോലും കയറിനിന്നവരല്ല.
സര്‍വിസ് സൊസൈറ്റിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ മന്നത്ത് പത്മനാഭൻ എഴുതിയ ഭരണഘടന മാറ്റിയെഴുതണമെന്നാണ് ആവശ്യപ്പെടുന്നത്. ഭരണഘടനയില്‍ ഒരു മഷിത്തുള്ളിപോലും വീഴാൻ സമ്മതിക്കില്ല. അത് മാറ്റിയെഴുതേണ്ട ആവശ്യവുമില്ല. 24 ചക്രത്തില്‍ ആരംഭിച്ച നായര്‍ സര്‍വിസ് സൊസൈറ്റി ഇത്തവണ 138 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എൻ.എസ്.എസിന്‍റെ പൊതുനയമാണ്. ഇനിയും അതേ നയം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടാണ് തുടരുകയെന്നും സുകുമാരൻ നായര്‍ ആവര്‍ത്തിച്ചു. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ എൻ.എസ്.എസ് ഇടപെടില്ല, അതുപോലെ അവര്‍ എൻ.എസ്.എസിന്‍റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാൻ അനുവദിക്കുകയുമില്ല. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും സുകുമാരൻ നായര്‍ ചൂണ്ടിക്കാട്ടി.